മുണ്ടക്കൈ ദുരന്തം: കൈത്താങ്ങുമായി ഓട്ടോറിക്ഷ തൊഴിലാളികൾ
1443358
Friday, August 9, 2024 5:35 AM IST
സുൽത്താൻ ബത്തേരി: മുണ്ടക്കൈ ദുരന്തത്തിൽപെട്ടവർക്ക് കൈത്താങ്ങുമായി ബത്തേരിയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ. ഓട്ടോ ടാക്സി മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു ബത്തേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരെ സഹായിക്കാനായി ഒരു ദിവസത്തെ വേതനമാണ് തൊഴിലാളികൾ നൽകുക.
ഇന്നലത്തെ സർവീസ് ഇതിനായാണ് തൊഴിലാളികൾ മാറ്റിവച്ചത്. സംഘടനയിലെ 180 ഓളം ഓട്ടോറിക്ഷകൾ സഹായനിധി ബോക്സുകൾ സ്ഥാപിച്ചാണ് ഓട്ടം നടത്തിയത്. യാത്രക്കാർ യാത്രക്കൂലിയായി നൽകുന്ന തുക ബോക്സിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കൂടുതൽ നിക്ഷേപിക്കുന്ന യാത്രക്കാരും ഉണ്ട്.
ഈ തുക പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കൈത്താങ്ങ് സർവീസിന്റെ ഉദ്ഘാടനം സിപിഎം ബത്തേരി ഏരിയ സെക്രട്ടറി പി.ആർ. ജയപ്രകാശ് നിർവഹിച്ചു. പ്രസിഡന്റ് പ്രദീപ്കുമാർ, സെക്രട്ടറി ആർ. മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.