വെള്ളക്കെട്ടിൽ കാറുമായി അകപ്പെട്ട വൈദികനു രക്ഷകരായി സഹോദരങ്ങൾ
1437241
Friday, July 19, 2024 5:04 AM IST
കല്ലോടി: ഒരപ്പ് കവലയ്ക്കു സമീപം വെള്ളക്കെട്ടിൽ കാറുമായി അകപ്പെട്ട വൈദികനു പ്രദേശവാസികളായ സഹോദരങ്ങൾ രക്ഷകരായി. മാനന്തവാടി രൂപതയിലെ ഫാ. ജയിംസ് ചക്കിട്ടക്കുടിയാണ് ബുധനാഴ്ച രാത്രി വെള്ളക്കെട്ടിൽ കുടുങ്ങിയത്.
ഒരപ്പിലെ കഴുനാക്കൽ അപർണയും സഹോദരൻ അനന്തുവുമാണ് വൈദികനെ സഹായിച്ചത്. റോഡിൽനിന്നു മാറി ഇൻഡിക്കേറ്റർ പ്രകാശിക്കുന്നതു കണ്ടാണ് ഇവർ കാറിനടത്ത് എത്തിയത്. കാറിൽ ആളുണ്ടെന്നു മനസിലാക്കിയ സഹോദരങ്ങൾ പിതാവിനെ ഫോണ് ചെയ്തു വരുത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അഗ്നി-രക്ഷാസേനയും പോലീസും എത്തിയപ്പോഴേക്കും പ്രദേശവാസികൾ കാർ കരയിലേക്ക് വലിച്ചുകയറ്റി. കാർ തെന്നിമാറി റോഡരികിലേക്ക് മാറിയതും പുഴയിൽ പതിക്കാതിരുന്നതും ദുരന്തം ഒഴിവാക്കി.