ശക്തി ചോരാതെ മഴ: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ, ദുരിതാശ്വാസ ക്യാന്പുകളിൽ 1,002 പേർ
1437239
Friday, July 19, 2024 5:04 AM IST
കൽപ്പറ്റ: ജില്ലയിൽ ശക്തി ചോരാതെ മഴ. വൃഷ്ടിപ്രദേശങ്ങളിൽനിന്നു ഒഴുകിയെത്തിയ പെയ്ത്തുവെള്ളം പുഴകളെയും തോടുകളെയും ധന്യമാക്കി. കബനിയുടെ കൈവഴികളടക്കം പുഴകൾ പലേടങ്ങളിലും മറിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത് നിരവധി കുടുബങ്ങൾക്കു താത്കാലിക ദുരിതമായി. പുഴയോരങ്ങളോടു ചേർന്നുള്ളതിൽ ചില പാടങ്ങൾ മുങ്ങി.
കൃഷിയിടങ്ങളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. അങ്ങിങ്ങ് റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. മണ്ണിടിച്ചിൽ, മരം മറിയൽ, മതിൽ ഇടിയൽ, വൈദ്യുതി തടസം എന്നിവ ഇന്നലെയും തുടർന്നു. ഇന്ന് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളം കയറിയ ജനവാസകേന്ദ്രങ്ങളിൽ ദുരിത നിവാരണ പ്രവർത്തനം സജീവമാണ്.
വൈത്തിരി, മാനന്തവാടി, ബത്തേരി താലൂക്കുകളിലായി 26 ദുരിതാശ്വാസ ക്യാന്പ് പ്രവർത്തിക്കുന്നുണ്ട്. 300 കുടുംബത്തിലെ 1,002 പേരാണ് ക്യാന്പുകളിൽ. ഇതിൽ 415 സ്ത്രീയും 365 പുരുഷനും 222 കുട്ടിയും ഉൾപ്പെടും. 104 പേർ ബന്ധുവീട്ടിലേക്ക് മാറിയിട്ടുണ്ട്. പനമരം ഹൈസ്കൂളിലെ ക്യാന്പിലാണ് കൂടുതൽ കുടുംബങ്ങൾ. 30 കുടുംബത്തിലെ 105 പേരാണ് ഇവിടെ.
കല്ലൂർഹൈസ്കൂൾ, മുത്തങ്ങ ജിഎൽപി സ്കൂൾ, ചെട്ട്യാലത്തൂർ അങ്കണവാടി, കല്ലിൻകര ഗവ.യുപി സ്കൂൾ, നന്ദന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കോളിയാടി മാർ ബസേലിയോസ് സ്കൂൾ, പൂതാടി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ, പറളിക്കുന്ന് ഡബ്ല്യുഒഎൽപി സ്കൂൾ, തരിയോട് ജിഎൽപി സ്കൂൾ, പനമരം ജിഎച്ച്എസ്എസ്, അമൃത വിദ്യാലയം, കമ്മന നവോദയ സ്കൂൾ, മാനന്തവാടി ഹിൽ ബ്ലൂംസ് സ്കൂൾ, എൻഎം എൽപി സ്കൂൾ, ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ, ചെട്ട്യാലത്തൂർ ജിഎൽപി സ്കൂൾ, ത
രുവണ ഗവ. ഹൈസ്കൂൾ, കൈതക്കൽ ജിഎൽപി സ്കൂൾ, കൂളിവയൽ ഡബ്ല്യുഎംഒ അക്കാദമി എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാന്പുകൾ. മാനന്തവാടി താലൂക്കിലെ ക്യാന്പുകളിൽ പട്ടികജാതി-വർഗ, പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു സന്ദർശനം നടത്തി.
മഴയിലും കാറ്റിലും ജില്ലയിൽ ഇതുവരെ 29 വീട് ഭാഗികമായി തകർന്നു. 125 കിണർ ഇടിഞ്ഞുതാഴ്ന്നു. 125 ഹെക്ടർ കൃഷി നശിച്ചു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അവസാനിച്ച 24 മണിക്കൂറിൽ തേറ്റമലയിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്-274 എംഎം. ബാണാസുര കണ്ട്രോൾ ഷാഫ്റ്റ്-236.6, മക്കിയാട്-234, വാളാട് വട്ടോളി-222, കുഞ്ഞോം-216, കാപ്പിക്കളം-202, മക്കിമല എസ്റ്റേറ്റ്-194, വെള്ളന്പാടി-191, ബോയ്സ ടൗണ്-189, ബാണാസുര ഡാം-188, വാളാംതോട് മട്ടിലയം-186.6, ലക്കിടി-186, തലപ്പുഴ എസ്റ്റേറ്റ്-185, നിരവിൽപുഴ-181, കുറുന്പാലക്കോട്ട-176, എളന്പിലേരി-168, എടവക ഔരപ്പ്-161, സുഗന്ധഗിരി-159.2, വാളാട്-155, തിരുനെല്ലി-152.3 എംഎം എന്നിങ്ങനെ മഴ ലഭിച്ചു.
കാരാപ്പുഴ അണയിൽ ഇന്നലെ ഉച്ചയ്ക്ക് 757.8 മീറ്ററാണ് ജലനിരപ്പ്. 763 മീറ്ററാണ് ഫുൾ റിസർവോയർ ലെവൽ. 775.6 മീറ്ററാണ് ബാണാസുര സാഗർ അണയുടെ എഫ്ആർഎൽ. 768 മീറ്ററാണ് ഇന്നലെ ഉച്ചയ്ക്ക് ജലനിരപ്പ്. കർണാടകയിലെ ബീച്ചനഹള്ളിയിൽ കബനി നദിക്കു കുറുകെയുള്ള അണയിൽ 2281.76 അടി വെള്ളമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2284 അടിയാണ് സംഭരണശേഷി. അണക്കെട്ടിൽനിന്നു വെള്ളം തുറന്നുവിടുന്നുണ്ട്. നാല് ഷട്ടറാണ് ഉയർത്തിയത്.
കാലവർഷം കനത്ത 14 മുതൽ ഇന്നലെ രാവിലെ വരെ തേറ്റമലയിൽ 945 എംഎം മഴ ലഭിച്ചതായി കൽപ്പറ്റ ഹ്യൂം സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസ് പറഞ്ഞു. മക്കിയാട്-847.6, ലക്കിടി-738.6, നിരവിൽപ്പുഴ-733, സുഗന്ധഗിരി-682.1, മണിക്കുന്നുമല-585 എംഎം എന്നിങ്ങനെ മഴ രേഖപ്പെടുത്തി.
കല്ലുവയൽ കയറ്റത്തിൽ റോഡിലേക്ക് മണ്ണിടിഞ്ഞു
പുൽപ്പള്ളി: കേണിച്ചിറ റോഡിൽ കല്ലുവയൽ കയറ്റത്തിൽ റോഡിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു. ഇന്നലെ രാവിലെ ശക്തമായ മഴയ്ക്കിടെയാണ് മണ്ണിടിഞ്ഞത്. ഇതുവഴി വാഹന ഗതാഗതം തടസപ്പെട്ടു. റോഡിന് ഇരുവശവും ഉയർന്ന മണ്തിട്ടയാണ്. ഇനിയും മണ്ണിടിയുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
മന്ത്രി ഒ.ആർ. കേളു ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ചു
മാനന്തവാടി: താലൂക്കിലെ ദുരിതാശ്വാസ ക്യാന്പുകൾ പട്ടികജാതി-വർഗ, പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു സന്ദർശിച്ചു. ക്യാന്പുകൾ പൂർണസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസത്തിന് വിവിധ വകുപ്പുകൾ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. വെള്ളം കയറുന്ന സ്ഥലങ്ങളിൽനിന്നു ക്യാന്പുകളിലേക്ക് മാറാൻ ആളുകൾ മടിക്കുന്നില്ല. മുൻകാലങ്ങളിൽ സ്ഥിതി ഇങ്ങനെയായിരുന്നില്ലെന്നു മന്ത്രി പറഞ്ഞു.
മതിൽ ഇടിഞ്ഞ് മൂന്ന് വർക്ക്ഷോപ്പ് ഷെഡ് തകർന്നു
മാനന്തവാടി: എരുമത്തെരുവിൽ 10 മീറ്റർ ഉയരമുള്ള സംരക്ഷണ മതിൽ ഇടിഞ്ഞ് മൂന്ന് വർക്ക്ഷോപ്പ് ഷെഡ് തകർന്നു. രണ്ട് ഇരുചക്ര വാഹനവും കംപ്രസറും മണ്ണിനടിയിലായി. മതിൽ ഇടിഞ്ഞത് സമീപത്തെ പട്ടാണിക്കുന്ന് രാജേഷിന്റെ വീടിനു ഭീഷണിയായി.
വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിച്ചു
കൽപ്പറ്റ: കനത്ത മഴയിൽ നഗരപരിധിയിൽ വെള്ളം കയറിയ മുണ്ടേരി, മണിയങ്കോട്,നെടുനിലം പ്രദേശങ്ങൾ ടി. സിദ്ദിഖ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ അഡ്വ.ടി.ജെ. ഐസക്, ദളിത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാജൻ എന്നിവർ ഇന്നലെ രാവിലെ സന്ദർശിച്ചു.
നീലഗിരിയിൽ കനത്ത മഴയിൽ വ്യാപക നാശം
ഗൂഡല്ലൂർ: നീലഗിരിയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 10 വീട് തകർന്നു. പലേടത്തും മണ്ണിടിഞ്ഞു. മരങ്ങൾ റോഡിലേക്ക് മറിഞ്ഞു. കൃഷിയിടങ്ങളിൽ വെള്ളം കയറി വലിയ തോതിൽ വിളനാശം ഉണ്ടായി.
ഊട്ടി, ഗൂഡല്ലൂർ, പന്തല്ലൂർ, കുന്താ താലൂക്കുകളിലാണ് ഇന്നലെ കനത്ത മഴ പെയ്തത്. ഈ താലൂക്കുകളിൽ ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. എമറാൾഡ്, അവിലാഞ്ചി അണകളിൽ ജലനിരപ്പ് ഉയർന്നു. ദുരന്ത നിവാരണ സേന ഗൂഡല്ലൂർ മേഖലയിൽ ക്യാന്പ് ചെയ്യുന്നുണ്ട്.
ഇത്തലാറിൽ നാല് വീട് മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ഊട്ടി-എമറാൾഡ് പാതയിലെ മുത്തോറ ലൗഡേലിൽ മണ്ണിടിഞ്ഞു. അപ്പർ ഭവാനിയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് റോഡും പാലടയിൽ മരംവീണ് വൈദ്യുതി പോസ്റ്റും തകർന്നു. ഊട്ടി-ഗൂഡല്ലൂർ പാതയിലെ കാമരാജ്സാഗർ അണയ്ക്കു സമീപം മരംവീണ് ഗതാഗതം തടസപ്പെട്ടു.
ഉപ്പട്ടി, ചേലക്കുന്ന്, ചെറുകുന്ന്, കുറുഞ്ചിനഗർ ഭാഗങ്ങളിലാണ് വീടുകൾ തകർന്നത്. ഊട്ടി-ഗൂഡല്ലൂർ പാതയിലെ ആകാശപ്പാലത്തിൽ കടപുഴകിയ മരം റോഡിൽ വീണ് വാഹന ഗതാഗതം തടസപ്പെട്ടു. പാടന്തറ, കുറ്റിമൂച്ചി, കാളംപുഴ ഭാഗങ്ങളിലെ തോടുകൾ നിറഞ്ഞുകവിഞ്ഞു.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നന്പാലകോട്ടയിലും ഗൂഡല്ലൂർ-നിലന്പൂർ പാതയിലെ നാടുകാണിക്കു സമീപവും വൈദ്യുത ലൈനിലേക്ക് മരംവീണു. പോസ്റ്റും ലൈനും പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു.