ചക്കപ്പഴം തേടി കാട്ടാനകൾ നാട്ടിൻപുറങ്ങളിലേക്ക്
1430837
Saturday, June 22, 2024 5:56 AM IST
സുൽത്താൻ ബത്തേരി: ചക്കപ്പഴം തേടി കാട്ടാനകൾ നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങുന്നത് കൃഷികൾ വ്യാപകമായി നശിക്കാൻ കാരണമാകുന്നു. മഴ തുടങ്ങുകയും ചക്ക പഴുക്കുകയും ചെയ്തതോടെയാണ് വനാന്തര ഗ്രാമങ്ങളിൽ കാട്ടാനയുടെശല്യം രൂക്ഷമായത്.
ചക്കപ്പഴത്തിന്റെ മണമാണ് ആനയെ ഈ സമയത്ത് ആകർഷിക്കുന്നതെന്ന് ആളുകൾ പറയുന്നു. വനമേഖലയോടു ചേർന്നു കിടക്കുന്ന ഗ്രാമപ്രദേശങ്ങളിലാണ് കാട്ടാനയുടെ ശല്യം കൂടുതലായി ഉണ്ടാകുന്നത്. പഴുത്ത ചക്ക ഭക്ഷിക്കുന്നതോടൊപ്പം പ്രദേശത്തെ കൃഷികളും മറ്റും തകർത്താണ് ആന മടങ്ങുക.
തെങ്ങ്, കമുക്, വാഴ, റബർതൈകൾ തുടങ്ങിയവയെല്ലാം ഇവ ചവിട്ടിമെതിക്കും. രാത്രി ആകുന്നതോടെ കാടിറങ്ങുന്ന ആനകൾ പുലർച്ചെ വരെയും കൃഷിയിടത്തിൽ ഉണ്ടാകുമെന്ന് പ്രദേശവാസികൾ പറയുന്നു. പൂതാടി പഞ്ചായത്തിലെ ഇരുളം, പാപ്ലശേരി, വട്ടത്താണി, ഗാന്ധിനഗർ, കല്ലൂർകുന്ന് തുടങ്ങിയ വനമേഖലയോടു ചേർന്നുള്ള സ്ഥലങ്ങളിലും വാകേരി എസ്റ്റേറ്റിനു പരിസരങ്ങളിലും ആനശല്യം പതിവാണ്.
ഒറ്റയ്ക്കും കൂട്ടത്തോടെയും എത്തുന്ന ആനകളിൽ നിന്ന് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പരാതി നൽകി. കുട്ടിയാനകൾക്കൊപ്പം വനത്തിൽ മേയുന്ന ആനക്കൂട്ടം വയനാട്ടിലെത്തുന്ന സഞ്ചാരികൾക്ക് കൗതുക കാഴ്ചയാണ്.
പക്ഷേ വനാതിർത്തികളിൽ ജീവിക്കുന്ന കുടുംബങ്ങൾക്ക് ഈ ആനക്കൂട്ടങ്ങൾ പേടിസ്വപ്നമാണ്. വീട്ടിനുചുറ്റും ആനകൾ നിലയുറപ്പിക്കുന്ന ദിവസങ്ങൾ ഉറക്കമില്ലാതെയാണ് ജനങ്ങൾ കഴിച്ചു കൂട്ടുന്നത്.