നിർമാണത്തിനിടെ കിണറ്റിൽ വീണ തൊഴിലാളി മരിച്ചു
1428881
Wednesday, June 12, 2024 10:54 PM IST
കന്പളക്കാട്: നിർമാണത്തിനിടെ പടവുകൾ തകർന്ന് കിണറ്റിൽ വീണ മൂന്നു തൊഴിലാളികളിൽ ഒരാൾ മരിച്ചു. കോഴിക്കോട് രാമനാട്ടുകര വാഴക്കാട് കോടിയമ്മൽ ആക്കോട് മുഹമ്മദാണ്(40)മരിച്ചത്. ഒഡീഷ സ്വദേശികളാണ് രക്ഷപ്പെട്ട തൊഴിലാളികൾ.
പനമരം എരനെല്ലൂരിൽ ഇന്നലെ ഉച്ചയ്ക്കു 11.30 ഓടെയാണ് അപകടം. എരനെല്ലൂരിൽ കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കിണർ നിർമാണത്തിനിടെയാണ് പടവുകൾ ഇടിഞ്ഞ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്.
അഗ്നി-രക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുഹമ്മദിനെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ഒഡീഷ സ്വദേശികൾ ചികിത്സയിലാണ്.