മരിയനാട്-കോളേരി റൂട്ടിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കണമെന്ന് ആവശ്യം
1425357
Monday, May 27, 2024 7:34 AM IST
കേണിച്ചിറ: മരിയനാട്-കോളേരി റൂട്ടിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്ന ആവശ്യം ഉയരുന്നു. വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് മരങ്ങൾ. കാറ്റും മഴയും ഉണ്ടാകുന്പോൾ മരങ്ങൾ വൈദ്യുത ലൈനിലേക്ക് മറിഞ്ഞ് കെഎസ്ഇബിക്ക് വൻ നഷ്ടം സംഭവിക്കുന്നുണ്ട്.
റൂട്ടിൽ നിരവധി കൂറ്റൻ മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്. മാസങ്ങൾക്ക് മുന്പ് മരം റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. കെഎസ്ഇബിയുടെ 10 പോസ്റ്റും ലൈനും തകരുകയുമുണ്ടായി. വളർച്ച മുരടിച്ചും ചുവടു കേടായും ഉണങ്ങിയും നിൽക്കുന്ന മരങ്ങൾ വലിയ ഭീഷണിയാണെന്നു മരിയനാട് നിവാസികൾ പറഞ്ഞു.
മരിയനാട് തോട്ടത്തിൽ ഭൂരഹിത ആദിവാസി കുടുംബങ്ങൾ കുടിൽ കെട്ടി ഭൂസമരം ചെയ്യുന്നുണ്ട്. പല കുടിലുകളും പഴക്കംചെന്ന മരങ്ങളുടെ ചുവട്ടിലാണ്.