വോട്ടെണ്ണൽ: ജില്ലയിൽ ക്രമീകരണം പുരോഗമിക്കുന്നു
1425356
Monday, May 27, 2024 7:34 AM IST
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ ക്രമീകരണം പുരോഗമിക്കുന്നതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയുമായ ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു.
മുട്ടിൽ ഡബ്ലുഎംഒ കോളജിൽ ജൂണ്‍ നാലിന് രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. ഇതിനായി 24 ടേബിൾ സജ്ജമാക്കും. സർവീസ് വോട്ടുകൾ(ഇടിപിബിഎസ്)സ്കാൻ ചെയ്യുന്നതിന് 10 പത്ത് ടേബിൾ ഒരുക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ട് എണ്ണുന്നതിന് ഓരോ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെയും കീഴിൽ 24 ടേബിൾ സജ്ജീകരിക്കും.
സ്ഥാനാർഥിക്ക് ഓരോ ടേബിളിലും ഓരോ ഏജന്റിനെ നിയോഗിക്കാം. സ്ഥാനാർഥികൾ, ഇലക്ഷൻ ഏജന്റ്, സ്ഥാനാർഥികൾ നാമനിർദേശം ചെയ്യുന്ന കൗണ്ടിംഗ് ഏജന്റുമാർ എന്നിവർക്കാണ് കൗണ്ടിംഗ് ഹാളിൽ പ്രവേശിക്കാൻ അനുമതി. കൗണ്ടിംഗ് ഹാളിൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ പാടില്ല. കൗണ്ടിംഗ് ആരംഭിച്ചുകഴിഞ്ഞാൽ ഏജന്റുമാരെ പുറത്തുപോകാൻ അനുവദിക്കില്ല. എല്ലാവർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.