വനത്തിൽ അതിക്രമിച്ചുകയറി അടിക്കാട് വെട്ടൽ: സിപിഎം നേതാക്കൾ പ്രതികളായ കേസ് ഒന്നര പതിറ്റാണ്ട് കഴിഞ്ഞും തീർപ്പായില്ല
1424971
Sunday, May 26, 2024 4:51 AM IST
കൽപ്പറ്റ: വനഭൂമിയിൽ അതിക്രമിച്ചുകയറി അടിക്കാട് വെട്ടിയ സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരായ കേസ് ഒന്നര പതിറ്റാണ്ട് കഴിഞ്ഞും തീർപ്പായില്ല. മാനന്തവാടി ഫോറസ്റ്റ് റേഞ്ചിലെ മക്കിയാട് സ്റ്റേഷൻ പരിധിയിൽ കാഞ്ഞിരങ്ങാട് വില്ലേജിലെ 238/1ലും ഫോറസ്റ്റ് മിനി സർവേ സബ് ഡിവിഷൻ 238/9ലും ഉൾപ്പെട്ട വനഭൂമിയിൽ 2008 ജൂണ്‍ 13ന് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ അടിക്കാട് വെട്ടിയ കേസാണ് മാനന്തവാടി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തീർപ്പുകാത്തു കിടക്കുന്നത്.
കോടതി ഇതിനകം പലവട്ടം പരിഗണിച്ചെങ്കിലും കേസ് തീർപ്പാകുന്ന ഘട്ടത്തിലെത്തിയില്ല.2008ൽ എംഎൽഎമാരായിരുന്ന കെ.സി. കുഞ്ഞിരാമൻ, പി. കൃഷ്ണപ്രസാദ്, സി.കെ.പി. പദ്മനാഭൻ, അക്കാലത്തെ സിപിഎം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രൻ, സംസ്ഥാന സമിതിയംഗം പി.എ. മുഹമ്മദ്, എൽഡിഎഫ് ജില്ലാ കണ്‍വീനർ കെ.വി. മോഹനൻ, കർഷക സംഘം ജില്ലാ പ്രസിഡന്റ് സി.കെ. സഹദേവൻ,
ജോയിന്റ് സെക്രട്ടറി പി.കെ. സുരേഷ്, എടവക പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. മൊയ്തീൻ, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് എ.എൻ. പ്രഭാകരൻ, ജില്ലാ പഞ്ചായത്തംഗം എ.എം. ജോണി, സിപിഎം പ്രാദേശിക നേതാക്കളായ പി.എ. ബാബു, മത്തായി ഐസക് തുടങ്ങിയവർ ഉൾപ്പെട്ടതാണ് കേസ്. അടിക്കാട് വെട്ടിയ സംഭവത്തിൽ മാനന്തവാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. ധനേഷ്കുമാറിന്റെ നേതൃത്വത്തിലാണ് 2008 ജൂണ്‍ 13ന് മഹസർ തയാറാക്കിയത്.
നടപടികൾ രാവിലെ 9.30ന് ആരംഭിച്ച് 11.45ന് അവസാനിച്ചതായാണ് മഹസറിൽ വ്യക്തമാക്കുന്നത്. കോറോം-പാലേരി റോഡിൽ പാലേരി ഹൈസ്കൂളിന് സമീപമാണ് അടിക്കാട് നശീകരണം നടന്ന സ്ഥലമെന്നും മഹസറിലുണ്ട്. വനം കൈയേറ്റം ഉണ്ടാകുമെന്ന് മാധ്യമങ്ങിലൂടെ അറിഞ്ഞ് സ്ഥലത്ത് എത്തിയപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 500 ഓളം പേർ അടിക്കാട് വെട്ടുന്നതാണ് കണ്ടത്.
വനഭൂമിയിലെ വനതേര പ്രവർത്തനം തടയുന്നതിനു ശ്രമിച്ചപ്പോൾ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് അവിടെ ഉണ്ടായിരുന്നവർ പറഞ്ഞു. ആയുധങ്ങളുമായി നിൽക്കുന്നവർ അക്രമസക്തമാകുമെന്ന് ഓപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ വിശദമായ പരിശോധന നടത്താനാകാതെ വനഭൂമിയിൽനിന്നു പിൻവാങ്ങി.
തുടർന്ന് 750 മീറ്റർ മാറി പാലേരി ഹൈസ്കൂളിനടുത്ത് ക്യാന്പ് ചെയ്തതായും റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ തയാറാക്കിയ മഹസറിൽ പറയുന്നു. ഒഎ 356/76 പ്രകാരം കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ നിക്ഷിപ്ത വനമായി സ്ഥിരീകരിച്ച് ഉത്തരവായ ഭൂമിയിലാണ് അടിക്കാട് നശീകരണം നടന്നതെന്നാണ് മഹസറിലുള്ളത്.
അടിക്കാട് നശീകരണം നടന്നതിന്റെ പിറ്റേന്ന് നോർത്ത് വയനാട് ഡിഎഫ്ഒ ഇ. പ്രദീപ്കുമാർ മഹസർ തയാറാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം മാനന്തവാടി തഹസിൽദാരും വനം, റവന്യു, പോലീസ് ഉദ്യോഗസ്ഥരും കാഞ്ഞിരങ്ങാട് വില്ലേജിൽ സർവേ നന്പർ 238/1ൽപ്പെട്ട വനത്തിലും തുടർന്ന് ഇതേ സർവേ നന്പറിൽ തൊണ്ടർനാട് പഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള 463-ാം നന്പർ വീട്ടിലുമെത്തി.
വീട്ടിൽ ആളില്ലാത്തതിനാൽ ഹൈക്കോടതി ഉത്തരവ് പതിച്ചുനടത്തി. തുടർന്നു വനഭാഗം പരിശോധിച്ചപ്പോൾ ഏകദേശം എട്ട് എക്കറിൽ അടിക്കാട് നശിപ്പിച്ചതായും പല ഭാഗങ്ങളിൽ മണ്ണിളക്കിയതായും നാടൻ വാഴ നട്ടതായും കണ്ടെത്തി. ചേര്, കറുക, ഞാവൽ, കറുപ്പ, അയനി തുടങ്ങിയ ഇനങ്ങളിൽപ്പെട്ടതും 10 മുതൽ 30 വരെ സെന്റി മീറ്റർ വണ്ണമുള്ളതുമായ 172 ചെറു കഴകളാണ് മുറിച്ചു നശിപ്പിച്ചത്. ഇതുമൂലം സർക്കാരിന് ഏകദേശം 27 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി.
വെട്ടിയ ചെറുകഴകൾ സർക്കാരിലേക്ക് മുതൽക്കൂട്ടാൻ സാധിക്കാത്ത വിധം നശിപ്പിച്ചതിനാൽ കസ്റ്റഡിയിലെടുത്തില്ലെന്നും മഹസറിൽ വ്യക്തമാക്കുന്നുണ്ട്. നടപടികൾ രാവിലെ 9.30ന് ആരംഭിച്ച് 11.45ന് അവസാനിച്ചതായാണ് മഹസറിൽ പറയുന്നത്. കാഞ്ഞിരങ്ങാട് വില്ലേജിലെ കാഞ്ഞിരത്തിനാൽ ജോർജ്-ജോസ് സഹോദങ്ങൾക്ക് ജൻമാവകാശമുള്ള 12 ഏക്കർ ഭൂമി അടിയന്തരാവസ്ഥക്കാലത്ത് വനം വകുപ്പ് പിടിച്ചെടുത്തിരുന്നു. ഈ സ്ഥലം 2006 ഒക്ടോബർ 11ലെ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിനു വിധേയമായി ജോർജ്-ജോസ് സഹോരങ്ങൾക്ക് തിരിച്ചുകൊടുത്ത് സർക്കാർ ഉത്തരവായി.
കാഞ്ഞിരത്തിൽ കുടുംബത്തിന്റെ ഭൂമിക്കേസിൽ 1985 ഫെബ്രുവരി 18ലെ കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ പുറപ്പെടുവിച്ച വിധി റദ്ദുചെയ്യാതെയാണ് സർക്കാർ ഉത്തരവായത്. വനം വകുപ്പ് പിടിച്ചെടുത്തത് എംപിപിഎഫ് നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നായിരുന്നു ഫോറസ്റ്റ് ട്രിബ്യൂണൽ വിധി.
സർക്കാർ ഉത്തരവിനെതിരേ തൃശൂർ ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടന സമർപ്പിച്ച ഹരജിയിൽ 2008 ജൂണ്‍ 13ന് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. അതേ ദിവസമാണ് വനം കൈയേറി അടിക്കാട് നശിപ്പിച്ച സംഭവത്തിൽ മാനന്തവാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ മഹസർ തയാറാക്കിയത്. പരിസ്ഥിതി സംഘടനയുടെ ഹരജിയിൽ കോടതി സ്റ്റേ അനുവദിച്ച സമയത്തിനു മുന്‍പേ മഹസർ നടപടികൾ തുടങ്ങിയതായാണ് ഇതിൽനിന്നു വ്യക്തമാകുന്നത്.
വനം ഉദ്യോഗസ്ഥർ മാനന്തവാടി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഒഎ 3/2008 കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കാഞ്ഞിരത്തിനാൽ ജോർജ്, ജോസ് എന്നിവരുടെ പേര് പരാമർശിക്കുന്നില്ല. എന്നാൽ ഹൈക്കോടതി ഡബ്യുപിസി 17844/2008 നന്പർ കേസിൽ പരിസ്ഥിതി സംഘടനയ്ക്ക് അനുവദിച്ച സ്റ്റേയുടെ മറവിലാണ് കാഞ്ഞിരത്തിനാൽ ജോർജിനെയും കുടുംബത്തെയും വനം ഉദ്യോഗസ്ഥർ ഭൂമിയിൽനിന്നു ഇറക്കിവിട്ടത്.