ദേശീയപാത 766ലെ രാത്രിയാത്രാ വിലക്ക് : കർണാടക ഉപ മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷയായി
1417802
Sunday, April 21, 2024 5:37 AM IST
കൽപ്പറ്റ: ദേശീയപാത 766ൽ ബന്ദിപ്പുര വനഭാഗത്തു നിലനിൽക്കുന്ന രാത്രിയാത്രാ വിലക്ക് നീക്കുന്നതിനു സഹായകമായ നിലപാട് സ്വീകരിക്കുമെന്ന കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവന വയനാടിനു പ്രതീക്ഷയായി.
രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മുട്ടിലിൽ യുഡിഎഫ് പ്രദേശിക കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയായിരുന്നു ദേശീയപാതയിലെ രാത്രിയാത്രാ വിഷയത്തിൽ ഡി.കെ. ശിവകുമാറിന്റെ വാഗ്ദാനം.
കർണാടകയിലെ മലയാളി വിദ്യാർഥികൾ, ലീസ് കർഷകർ എന്നിവർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചും ശിവകുമാർ പ്രസ്താവന നടത്തുകയുണ്ടായി. കോഴിക്കോടിനെ സുൽത്താൻ ബത്തേരി വഴി കൊല്ലേഗലുമായി ബന്ധിപ്പിക്കുന്നതാണ് ദേശീയപാത 766 എന്ന് പുനർനാമകരണം ചെയ്ത എൻഎച്ച് 212.
ദേശീയ പാത 212ലും 67ലും ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയുള്ള ഭാഗത്ത് രാത്രിയാത്ര വിലക്കി 2007 ജൂണ് ഏഴിനാണ് കർണാടകയിലെ ചാമരാജ്നഗർ ജില്ലാ കളക്ടർ ഉത്തരവായത്. ദേശീയപാതയിൽ വനഭാഗത്ത് വന്യജീവികൾ വാഹനം ഇടിച്ച് ചാകുന്നതു കണക്കിലെടുത്ത് ബന്ദിപ്പുര കടുവാസങ്കേതം മേധാവിയുടെ ശിപാർശയിലായിന്നു ഉത്തരവ്.
കേരള സർക്കാരും മറ്റും ഇടപെട്ടതിനെത്തുടർന്ന് കളക്ടറുടെ ഉത്തരവ് കർണാടക മുഖ്യമന്ത്രി പിൻവലിച്ചു. ഈ നടപടി ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവർത്തകൻ ശ്രീനിവാസബാബു കർണാടക ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹരജി നൽകി. ഇത് പരിഗണിച്ച കോടതി ബന്ദിപ്പുര വനത്തിലൂടെയുള്ള രണ്ട് ദേശീയപാതകളിലെയും രാത്രിയാത്രാ നിരോധം ശരിവച്ച് 2009 ജൂലൈ 27ന് ഇടക്കാല ഉത്തവ് പുറപ്പെടുവിച്ചു. ഇടക്കാല ഉത്തരവ് നേടിയശേഷം ശ്രീനിവാസബാബു കേസിൽ താത്പര്യം കാണിച്ചില്ല.
ഈ അവസരത്തിലാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി പൊതുതാത്പര്യ ഹരജി ഫയൽ ചെയ്തത്. ബന്ദിപ്പുര വനമേഖലയിലെ ഗതാഗത നിരോധമായിരുന്നു ആവശ്യം. പ്രശസ്ത അഭിഭാഷക അനു ചെങ്കപ്പയാണ് സമിതിക്കുവേണ്ടി കോടതിയിൽ ഹാജരായത്.
കർണാടക ഹൈക്കോടതിയിൽ നടന്ന കേസിൽ കേരള സർക്കാരും കേരള-കർണാടക ട്രാവലേഴ്സ് ഫോറവും വ്യാപാരി വ്യവസായി ഏകോപനസമിതിയും അടക്കം സംഘടനകൾ കക്ഷി ചേർന്നിരുന്നു. എന്നാൽ പ്രകൃതി സംരക്ഷണ സമിതിയുടെ വാദങ്ങളെ ഫലപ്രദമായി നേരിടാനും വസ്തുതകൾ പഠിച്ച് കേസ് നടത്താനും ആരും തയാറായില്ല.
ഈ സാഹചര്യത്തിൽ ദേശീയപാതയിലെ ബന്ദിപ്പുര കടുവ സങ്കേതം പരിധിയിൽ രാത്രി ഒന്പതിനും രാവിലെ ആറിനും ഇടയിൽ ഗതാഗതം നിരോധിച്ച് കർണാടക ഹൈക്കോടതി 2010 മാർച്ച് 13നു പുറപ്പെടുവിച്ചു.
ഇതിനെതിരേ സംസ്ഥാന സർക്കാർ ഫയൽ ചെയ്ത കേസ് സുപ്രീം കോടതിയിൽ തുടരുകയാണ്. ദേശീയപാതയിൽ വാഹന ഗതാഗതത്തിനു നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്നും നിരോധനസമയം ദീർഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരുവിലെ ഒരു പരിസ്ഥിതി സംഘടന നൽകിയ ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
രാത്രിയാത്രാ വിലക്കുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇതിനകം പരിഗണിച്ചപ്പോഴൊക്ക കേരളത്തിനു സഹായകമായ നിലപാടല്ല കർണാടകയും തമിഴ്നാടും സ്വീകരിച്ചത്. രാത്രിയാത്ര നിരോധനത്തിൽ ആവശ്യമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനു കേന്ദ്ര സർക്കാരിന്റെയും കർണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു.
സുപ്രീം കോടതിയുടെ 2018 ജനുവരി 10ലെ ഉത്തരവനുസരിച്ചായിരുന്നു ഇത്. ദേശീയ പാതയിലെ രാത്രിയാത്രാവിലക്ക് നീക്കുന്നതിനു പകരം ബദൽ പാതകൾ നിർമിക്കുകയോ മെച്ചപ്പെടുത്തുന്നതിനു സഹായകമായ നിർദേശമാണ് വിദഗ്ധ സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ചത്. അന്നത്തെ ട്രാൻസ്പോർട്ട് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സമിതിയിലെ കേരള സർക്കാർ പ്രതിനിധിയായിരുന്നു. തലശേരി-മൈസൂരു റെയിൽ പാത നിർമാണമാണ് ദേശീയപാത 766ലെ രാത്രിയാത്രാ വിലക്കിനു പരിഹാരമായി ഇദ്ദേഹം നിർദേശിച്ചത്.
ദേശീയപാത പഴയതുപോലെ ഗതാഗതത്തിനു തുറന്നുകൊടുക്കണമെന്ന ആവശ്യം ദീർഘകാലമായി വയനാടൻ ജനത ഉന്നയിക്കുന്നതാണ്. രാത്രി യാത്രാ വിലക്ക് നീക്കുന്നതിൽ വയനാട് എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി മതിയായ ഇടപെടൽ നടത്തിയില്ലെന്ന വിമർശനവും തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് കർണാടക ഉപ മുഖ്യമന്ത്രിയുടെ പ്രസ്താവന.
കേസ് ഇനി സുപ്രീം കോടതി പരിഗണിക്കുന്പോൾ കർണാടക അയവുള്ള നിലപാട് അറിയിക്കുമെന്നാണ് വയനാടൻ ജനതയുടെ അനുമാനം.