അഴിമതിക്കാരായ മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിക്കുന്നത് ബിജെപിയുമായുള്ള അന്തർധാരകൊണ്ട്: ഡി.കെ. ശിവകുമാർ
1417412
Friday, April 19, 2024 6:18 AM IST
കാട്ടിക്കുളം: അഴിമതിക്കാരല്ലാത്ത മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇഡിയെ ഉപയോഗിച്ച് ജയിലിൽ അടച്ചപ്പോൾ അഴിമതി നിറഞ്ഞ കേരളത്തിലെ മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിക്കുന്നത് ബിജെപിയുമായുള്ള അന്തർധാര കൊണ്ടാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കാട്ടിക്കുളത്ത് നടത്തിയ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽഗാന്ധി മത്സരിക്കുന്നത് ബിജെപിക്ക് എതിരേ മാത്രമായല്ല, മറിച്ച് നാടിന്റെ സമാധാനത്തെ നശിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തോടാണെന്നും കേരളത്തിലെ വോട്ടർമാർ ഇന്ത്യയുടെ മതസൗഹാർദ്ദം സംരക്ഷിക്കുന്ന കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്നും എൽഡിഎഫിന് വോട്ടുചെയ്താൽ അത് രാജ്യത്തെ മതേതരത്വത്തെ തകർക്കുന്ന ബിജെപി സഹായിക്കുന്നതിന് തുല്യമാണെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.
യുഡിഎഫ്പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി.വി. ഹാരിസ് അധ്യക്ഷത വഹിച്ചു. സി.പി. മൊയ്തു ഹാജി, എഐസിസി അംഗം പി.കെ. ജയലക്ഷമി, എൻ.ഡി. അപ്പച്ചൻ, കെപിസിസി സെക്രട്ടറി എൻ.കെ. വർഗീസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം. നിഷാന്ത്, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, വി.വി. രാമകൃഷ്ണൻ കെ.വി. ഷിനോജ്, പടയൻ മുഹമ്മദ്, സതീഷ് പുളിമൂട്, ശശി, നസീർ തോൽപ്പെട്ടി, റഷീദ് തൃശീലേരി, ഹാരിസ് പള്ളത്ത്, നാരായണ വാര്യർ തുടങ്ങിയവർ പ്രസംഗിച്ചു.