പേര് മാറ്റ വിവാദം ആയുധമാക്കി യുഡിഎഫ്: ചർച്ച ചെയ്യേണ്ടത് ആദിവാസികളെ വനവാസികൾ എന്ന് പേര് മാറ്റി വിളിക്കുന്നത്: എംഎൽഎ
1416185
Saturday, April 13, 2024 5:48 AM IST
സുൽത്താൻ ബത്തേരി: വയനാട്ടിൽ പേര് മാറ്റം ചർച്ച ചെയ്യണമെങ്കിൽ അത് ആദിവാസികളെ വനവാസികൾ എന്ന് വിളിക്കുന്ന ബിജെപി അജണ്ടയാണെന്ന് സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ.
ആദിവാസികൾ ഈ മണ്ണിന്റെ ആദ്യത്തെ അവകാശികൾ ആണ്. എന്നാൽ സംഘപരിവാറും ബിജെപിയും ആദിവാസികളെ ബോധപൂർവം വനവാസികൾ എന്ന് വിളിക്കുന്നത് രാഷ്ട്രീയ അജണ്ടയാണ്. ഈ പേര് മാറ്റം ചർച്ച ചെയ്യാൻ കെ. സുരേന്ദ്രൻ തയാറാകണം. അല്ലാതെ നടത്തുന്ന ശ്രമം ബത്തേരിയുടെ മതസൗഹാർദ്ദം തകർക്കുവാനും ജനങ്ങളെ ഭിന്നിപ്പിക്കുവാനുമുള്ള അജണ്ടയാണ്.
രാഹുൽ ഗാന്ധി രണ്ടര മാസക്കാലം നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയിൽ ഉയർത്തിയത് സാമൂഹിക നീതിയും സാന്പത്തിക നീതിയും നിഷേധിക്കപ്പെടുന്നതിനെ കുറിച്ചാണ്. ആദിവാസി സമൂഹം വനത്തിൽ മാത്രമുള്ളവരാണെന്ന് ബിജെപി വരുത്തി തീർക്കുന്നത് അവരുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ്.
വനം ചുരുങ്ങുന്നുന്തോറും ആ സമൂഹത്തിന്റെ അവകാശങ്ങൾ ചുരുങ്ങി വരും. അത് കോർപറേറ്റ് അജണ്ട കൂടിയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ആറര ലക്ഷം ഹെക്ടറിന് മേൽ വനം ഇന്ത്യയിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വർഷങ്ങൾക്കിടയിൽ ഏറ്റവും ഉയർന്ന വനനശീകരണമാണ് ഇത്. ലോകത്തു തന്നെ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഖനനത്തിനും മറ്റുമായി രാജ്യത്തെ കോർപറേറ്റ് ഭീകരരായ അദാനിക്കും അംബാനിക്കും രാജ്യത്തിന്റെ ആദിവാസികൾക്ക് അവകാശപ്പെട്ട വിഭവങ്ങൾ നരേന്ദ്ര മോഡി കൈമാറുകയാണ്.
സുൽത്താൻ ബത്തേരി ഉൾപ്പടെ നഗരപ്രദേശങ്ങളിൽ എത്രയോ ആദിവാസികൾ ജീവിക്കുന്നുണ്ട്. അവരെ വനവാസിയായി കണക്കാക്കാൻ കഴിയുമോ? ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് ഇത്. ഇതിനെതിരെയാണ് ഉത്തരേന്ത്യയിൽ ഉൾപ്പടെ ആദിവാസി സമൂഹം തീക്ഷ്ണമായ ചെറുത്തുനിൽപ്പ് നടത്തുന്നത്.
കെ. സുരേന്ദ്രൻ വയനാട്ടിൽ സ്ഥാനാർഥി ആയി വന്നതിന് ശേഷം ആദിവാസി ഊരുകളിൽ നടത്തിയ സന്ദർശനത്തിൽ പോലും വനവാസി എന്നാണ് പറയുന്നത്. ഇത് സാമൂഹിക നീതിയുടെ നിഷേധമാണ്. സുരേന്ദ്രൻ ഇതിന് മറുപടി പറയണം.
ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് സാമൂഹിക നീതിയും സാന്പത്തിക നീതിയും നിഷേധിക്കപ്പെടുന്ന സർക്കാരിന്റെ നടപടികളാണ്. അതിൽ നിന്ന് ഒളിച്ചോടാനാണ് സുരേന്ദ്രന്റെ ശ്രമം. രൂക്ഷമായ വരൾച്ചയാണ് പുൽപ്പള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുകയാണ്. അടിയന്തരമായ ഇടപെടൽ മന്ത്രി തലത്തിൽ തന്നെ ഉണ്ടാകണമെന്നും ഐ.സി. ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.