കൃഷിയിടത്തിൽ പെരുന്പാന്പിനെ കണ്ടെത്തി
1415980
Friday, April 12, 2024 6:02 AM IST
പുൽപ്പള്ളി: കബനി പുഴയോരത്തെ കൃഷിയിടത്തിൽ പെരുന്പാന്പിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ പുഴയിൽ കുളിക്കുവാനും അലക്കുവാനും എത്തുന്ന ജനങ്ങൾ ആശങ്കയിൽ. മരക്കടവ് ഡിപ്പോയിലെ പുഴയോട് ചേർന്ന ക്വാറിക്കുളത്തിന് സമീപത്താണ് പെരുന്പാന്പിനെ നാട്ടുകാർ കണ്ടത്. നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പെരുന്പാന്പിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ക്വാറിയോട് ചേർന്ന നീളമേറിയ മാളത്തിലായതിനാൽ പാന്പിനെ പിടികൂടാൻ സാധിച്ചില്ല. ഇതിനെ തുടർന്ന് മാളത്തിന് പുറത്ത് വനപാലകർ വലസ്ഥാപിച്ച് പാന്പിനെ പിടികൂടാനുള്ള ശ്രമത്തിലാണ്. പെരുന്പാന്പിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ നാട്ടുകാർക്ക് പുഴയിലേക്ക് വരാൻ കഴിയാത്ത സാഹചര്യമാണ്.