നിരീക്ഷണം ശക്തമാക്കി വെബ് കാസ്റ്റിംഗ് കണ്ട്രോൾ റൂം
1415762
Thursday, April 11, 2024 6:00 AM IST
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണം ശക്തമാക്കി വെബ്കാസ്റ്റിംഗ് കണ്ട്രോൾ റൂം. വിവിധ ചെക്ക് പോസ്റ്റുകളിലായി 22 കാമറകളാണ് നിരീക്ഷണത്തിനായി സ്ഥാപിച്ചത്.
പരിശോധനകൾക്കായുള്ള ഫ്ലൈയിംഗ് സ്ക്വാഡ് വാഹനങ്ങളിൽ 15 ഉം സ്റ്റാറ്റിക് സർവൈലൻസ് വാഹനങ്ങളിൽ 11 ഉം മൂന്ന് മണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളിൽ 24 ഉം മൂന്ന് സ്ട്രോംഗ് റൂമുകളിലായി 34 കാമറകൾ ഉൾപ്പടെ 116 കാമറകളാണ് വെബ്കാസ്റ്റിംഗിന്റെ ഭാഗമായി ജില്ലയിൽ സ്ഥാപിച്ചത്. സ്ക്വാഡുകളുടെ പരിശോധന, സ്ട്രോംഗ് റൂം, ട്രെയിനിംഗ് സെന്റർ എന്നിവയുടെ പ്രവർത്തനങ്ങൾ അഞ്ച് പേരടങ്ങുന്ന ടീം നിരീക്ഷിക്കും.
വെബ് കാസ്റ്റിംഗിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കളക്ടറേറ്റ് ആസുത്രണ ഭവനിലെ എപിജെ ഹാളിൽ സജ്ജമാക്കിയ 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ജില്ലാ കളക്ടർ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ മാനന്തവാടി നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും സബ് കളക്ടറുമായ മിസൽ സാഗർ ഭരത്, എംസിസി നോഡൽ ഓഫീസറും എഡിഎം കൂടിയായ കെ. ദേവകി, തെരഞ്ഞടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എൻ.എം. മെഹ്റലി തുടങ്ങിയവർ പങ്കെടുത്തു.