കൈപിടിക്കാൻ മാത്യുവില്ലെങ്കിലും രാഹുലിനായി വോട്ടഭ്യർഥിച്ച് മേരി
1415551
Wednesday, April 10, 2024 5:44 AM IST
പുൽപ്പള്ളി: കൈപിടിക്കാൻ മാത്യുവില്ലെങ്കിലും രാഹുൽഗാന്ധിക്കായി വോട്ടഭ്യർഥിച്ച് പുൽപ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയിൽ മേരി. രാഹുൽഗാന്ധി വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കുന്നതറിഞ്ഞതോടെയാണ് പ്രയാധിക്യത്തിലും മേരി രാഹുൽഗാന്ധിയുടെ പോസ്റ്ററുമായി വീടിന് മുന്പിൽ പ്രചരണത്തിനിറങ്ങിയത്.
തൊണ്ണൂറ് വയസ് കഴിഞ്ഞിട്ടും കൃഷിയിൽ സജീവമായിരുന്ന മേരിയും ഭർത്താവ് മാത്യുവും നേരത്തെ ദേശീയശ്രദ്ധയിലിടം നേടുന്നത് രാഹുൽഗാന്ധിയുടെ ട്വീറ്റോട് കൂടിയായിരുന്നു. ഇരുവരും കൃഷിയിടത്തിൽ ജോലി ചെയ്യുന്നതുൾപ്പെടെയുള്ള വീഡിയോ സഹിതമായിരുന്നു രാഹുൽഗാന്ധി മാത്യുവിനെയും മേരിയെയും പരിചയപ്പെടുത്തിക്കൊണ്ട് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടത്.
കൃഷിക്കായി സമയം ചെലവഴിക്കുന്ന ഈ ദന്പതികൾ പങ്കുവയ്ക്കുന്ന രാജ്യത്തെ കർഷകരുടെ വേദനകളും അവരുടെ ആശങ്കകളും രാജ്യവും സർക്കാരും തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ടെന്നായിരുന്നു അന്നത്തെ രാഹുലിന്റെ ട്വീറ്റ്. 2021ൽ പുറത്തിറക്കിയ കലണ്ടറിലും ഇരുവരെയും രാഹുൽഗാന്ധി ഉൾപ്പെടുത്തിയിരുന്നു.
രാഹുൽഗാന്ധി പരിചയപ്പെടുത്തിയതോടെ ഇരുവരുടെയും നേരിൽകാണാനും ആദരിക്കാനും കൃഷിയിടം കാണാനുമായി നിരവധി പേരായിരുന്നു സുരഭിക്കവലയിലെ വീട്ടിലെത്തിയത്. രാഹുൽഗാന്ധി വയനാട്ടിലെത്തിയ വേളയിൽ ഇരുവരെയും നേരിൽ കാണുകയും ചെയ്തിരുന്നു.
1969ലാണ് കോട്ടയത്തെ കടുത്തുരുത്തിയിൽ നിന്നു മാത്യുവും മേരിയും വയനാട്ടിലെ കുടിയേറ്റമേഖലയായ പുൽപ്പള്ളിയിലെത്തുന്നത്. കോട്ടയത്തെ ഭൂമി വിറ്റുകിട്ടിയ പണം കൊണ്ട് പുൽപ്പള്ളിയിൽ മൂന്നേക്കർ സ്ഥലം വാങ്ങി കൃഷി ചെയ്തു. പിന്നെ സ്ഥലം പാട്ടത്തിനെടുത്തും കൃഷി നടത്തി. പ്രായമേറിയപ്പോഴും കൃഷിയെ കൈവിട്ടില്ല.
കപ്പ, ചേന, കാച്ചിൽ, ചേന്പ് വിവിധതരം പച്ചക്കറികൾ എന്നിവയെല്ലാം ഇരുവരും നട്ടുപരിപാലിച്ചു. വാർധക്യത്തിന്റെ അലോസരപ്പെടുത്തലുകളും നേരിയ വിഷമതകളുമെല്ലാം അലട്ടിയപ്പോഴും മണ്ണിനെ പ്രണയിച്ച് അതെല്ലാം മറികടക്കുന്ന ഈ വൃദ്ധദന്പതികൾ വയനാട്ടിലെ വേറിട്ട കാഴ്ചയായിരുന്നു.
മൂന്ന് വർഷം മുന്പ് മാത്യു മരിച്ചു. മാത്യുവില്ലെങ്കിലും ആ ഓർമ്മകൾ തന്നെയാണ് ഇന്നും മേരിയെ മുന്നോട്ടുനയിക്കുന്നത്. മാത്യു മരിച്ചതറിഞ്ഞ രാഹുൽഗാന്ധി കുടുംബത്തിന് അനുശോചന സന്ദേശമെഴുതാനും മറന്നില്ല. അഞ്ച് വർഷം മുന്പ് വയനാട്ടിൽ മത്സരിക്കാനെത്തുന്പോൾ രാഹുൽഗാന്ധിയുടെ പ്ലക്കാർഡുകളുമായി വീടിന് സമീപത്തെ റോഡിലെത്തി ഇരുവരും വോട്ടഭ്യർഥിക്കുന്നത് വാർത്തയായിരുന്നു.
ഇന്ന് മാത്യുവില്ലെങ്കിലും തങ്ങളെ ലോകത്തിന് മുന്പിൽ പരിചയപ്പെടുത്തിയ ആളെന്ന നിലയിൽ രാഹുൽഗാന്ധിക്കായി വോട്ടഭ്യർഥിക്കാതിരിക്കാനാവില്ലെന്ന് പ്രായാധിക്യത്തിന്റെ വിഷമതകൾ അലട്ടുന്പോഴും മേരി പറയുന്നു.