ഭാര്യ ഉൾപ്പെടെ മൂന്നു പേരെ യുവാവ് ചുറ്റികയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
1415341
Tuesday, April 9, 2024 7:22 AM IST
പുൽപ്പള്ളി: ഭാര്യ അടക്കം മൂന്നു പേരെ യുവാവ് ചുറ്റികയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. കുപ്പാടി ചെട്ടിയാംകണ്ടി ജിനുവാണ്(40)ഭാര്യ അശ്വതി(33), ഭാര്യാമാതാവ് മാതമംഗലം കുന്നുംപുറത്ത് സുമതി(56), ഇവരുടെ സഹോദരന്റെ ഭാര്യ ലിജി എന്നിവരെ ആക്രമിച്ചത്.
ഇന്നലെ രാവിലെ ആറോടെ മാതമംഗലത്താണ് സംഭവം. ജിനുവിനെ പിന്നീട് അവശനിലയിൽ സമീപത്തെ സ്വകാര്യ തോട്ടത്തിൽ കണ്ടെത്തി. കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മാതമംഗലം. ചുറ്റികയ്ക്ക് അടിയേറ്റവർ മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് സുമതിയും അശ്വതിയും.
ജിനുവിനെ പോലീസ് ബത്തേരി താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. വീടിനുപുറത്ത് പതിയിരുന്ന ജിനു ആക്രമിക്കുകയായിരുന്നു. ആശ്വതിക്കാണ് ആദ്യം അടിയേറ്റത്. രക്ഷിക്കാനായെത്തിയപ്പോഴാണ് സുമതിയെയും ലിജിയെയും ആക്രമിച്ചത്. സാരമായി പരിക്കേറ്റ സുമതിയെയും അശ്വതിയേയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് എത്തിയ പോലീസുകാരുടെ അന്വേഷണത്തിലാണ് കൃഷിയിടത്തിൽ ജിനുവിനെ അവശനിലയിൽ കണ്ടത്. ഭർത്താവുമായി പിണങ്ങി അശ്വതിയും മക്കളും സുമതിക്ക് ഒപ്പം മാതമംഗലത്താണ് താമസം.