ഭക്ഷ്യ വിഷബാധക്കെതിരേ ജാഗ്രത പാലിക്കണം: ഡിഎംഒ
1396332
Thursday, February 29, 2024 5:18 AM IST
കൽപ്പറ്റ: വേനൽക്കാലത്ത് വയറിളക്ക രോഗങ്ങൾ, ഭക്ഷ്യ വിഷ ബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.പി. ദിനീഷ് അറിയിച്ചു.
ജില്ലയിൽ വയറിളക്ക രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം. ജലസ്രോതസുകൾ മലിനമാകാൻ സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ ശ്രദ്ധ പുലർത്തണം. മലിന ജലം, ഭക്ഷണം, വ്യക്തിത്വപരിസര ശുചിത്വത്തിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങളാണ് വയറിളക്ക രോഗങ്ങൾക്ക് കാരണമാകുന്നത്. കേടായ ഭക്ഷണത്തിലൂടെ ഷിഗെല്ലോസിസ് പോലുള്ള മാരക പകർച്ച വ്യാധികൾക്ക് കാരണമാകും.
വയറുവേദന, പനി, വയറിളക്കം, ഛർദ്ദി എന്നിവയാണ് പ്രാഥമിക രോഗ ലക്ഷണങ്ങൾ. വയറിളക്കത്തോടൊപ്പം മലത്തിൽ രക്തം, അപസ്മാര ലക്ഷണങ്ങൾ, നിർജ്ജലീകരണം തുടങ്ങിയവ ഗുരുതര രോഗ ലക്ഷണങ്ങളാണ്. പ്രാഥമിക ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നേടാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ നേടണമെന്ന് അധികൃതർ അറിയിച്ചു. കേടായതും പഴകിയതുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതും ചൂടാക്കി കഴിക്കുന്നതും പൂർണമായി ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
കിണറുകൾ, കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. അനധികൃതമായി വിപണനം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കൾ, പാക്കറ്റ് പാനീയങ്ങൾ, സിപ് അപ്, ഐസ്ക്രീം എന്നിവ ഭക്ഷ്യവിഷബാധക്ക് സാധ്യതയുള്ളതിനാൽ ഒഴിവാക്കണം.
പഴങ്ങൾ, പച്ചക്കറികൾ കഴുകി ഉപയോഗിക്കണം. തുറന്ന് വച്ച ആഹാര പദാർത്ഥങ്ങൾ, മലിനമായ സ്ഥലങ്ങളിൽ പാചകം ചെയ്യുന്ന പലഹാരങ്ങൾ, മറ്റ് ഭക്ഷ്യ വസ്തുക്കൾ എന്നിവ പൂർണ്ണമായി ഒഴിവാക്കണം. മാംസാഹാരം നന്നായി വേവിച്ച് സുരക്ഷിതമായി കഴിക്കണം. ഭക്ഷണ പദാർത്ഥങ്ങൾ മൂടിവെച്ച് ഉപയോഗിക്കുക. വ്യക്തിത്വകുടിവെള്ളഭക്ഷ്യപരിസര ശുചിത്വം പാലിക്കണം.