വരൾച്ച പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കണം: ജില്ലാ വികസന സമിതി
1395649
Monday, February 26, 2024 1:20 AM IST
കൽപ്പറ്റ: വരൾച്ച പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ജില്ലാ വികസന സമിതി ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദേശം നൽകി. ജല ലഭ്യത ഉറപ്പാക്കാൻ ജലവിഭവ വകുപ്പ് കർമ പദ്ധതി തയാറാക്കണം.
രോഗ പ്രതിരോധത്തിനു തയാറെടുപ്പ് നടത്തണമെന്ന് യോഗം ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.
ലോകസഭാ തെരഞ്ഞടുപ്പിന് പോളിംഗ് ബൂത്തുകളായി പ്രവർത്തിക്കുന്ന സ്കൂൾ, അങ്കണവാടികൾ എന്നിവ പൊളിക്കുകയോ രൂപമാറ്റം വരുത്തുകയോ ചെയ്യരുതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ഡോ.രേണു രാജ് നിർദേശിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയ്ക്ക് സ്കൂളുകളിൽ സൗകര്യം ഒരുക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറോട് ആവശ്യപ്പെട്ടു.
സിഎസ്ആർ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കുമെന്നും ഓഫീസുകളിൽ മാലിന്യ നിർമാർജനത്തിൽ കാര്യക്ഷമത ഉറപ്പാക്കണമെന്നും പരിശോധന തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
നെല്ലാറച്ചാൽ ടൂറിസം വികസന കേന്ദ്രത്തിന് നന്പർ ലഭ്യമാക്കുന്നത് സംബന്ധിച്ച് റവന്യൂ-ടൂറിസം വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന സമയബന്ധിതമായി നടത്തണമെന്ന് യോഗം നിർദേശിച്ചു. വനംവന്യജീവി സംരക്ഷണ നിയമത്തിൽ കാലാനുസൃത മാറ്റം വരുത്തുന്നതിന് കേന്ദ്രത്തോട് ശിപാർശ ചെയ്യാൻ വനം വകുപ്പ് കത്ത് നൽകാൻ തീരുമാനിച്ചു.
അന്പലവയൽ കാരാപ്പുഴ റോഡുപണിക്ക് 90 ലക്ഷം രൂപയുടെ സാങ്കേതിക അനുമതി നൽകിയതായും ടെണ്ടർ നടപടി പൂർത്തിയായതായും കാക്കവയൽ-വാഴവറ്റ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പുരോഗമിക്കുന്നതായും റോഡ് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
വയനാട് വന്യജീവി സങ്കേതത്തിന്റെ അതിർത്തികളിലും ജനവാസകേന്ദ്രങ്ങളിലും പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് നബാർഡ് ആർഐഡിഎഫ് സമഗ്ര പദ്ധതി തയാറാക്കുന്നതായും റിപ്പോർട്ട് സമയബന്ധിതമായി നൽകുമെന്നും കളക്ടർ അറിയിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി സ്കൂളുകളിൽ നടത്തിയ റസിഡൻഷ്യൽ ക്യാന്പുകളുടെ കുടിശിക വിതരണം ചെയ്തുവരികയാണെന്ന് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർമാർ അറിയിച്ചു.
മാവിലാംതോട്് പഴശി സ്മാരകത്തിനു കെട്ടിട നന്പർ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചു. വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനു പരിഗണനയിലുള്ള മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളിയിലുള്ള 33 ഏക്കർ സ്ഥലം സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിന് നിർദേശം നൽകി.
പ്രിയദർശനി തേയിലത്തോട്ടം കാഞ്ഞിരങ്ങാട് യൂണിറ്റിലെ റോഡ് ഗതാഗത യോഗ്യമാക്കുന്നതിനു പരിശോധന നടത്താൻ നോർത്ത് വയനാട് ഡിഎഫ്ഒയ്ക്ക് യോഗം നിർദേശം നൽകി. ബത്തേരി ചുങ്കം ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നതിന് സ്വകാര്യഭൂമി ഏറ്റെടുക്കാനുള്ള സാധ്യത പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്ന് രാഹുൽഗാന്ധി എംപിയുടെ പ്രതിനിധി കെ.എൽ പൗലോസ് ആവശ്യപ്പെട്ടു.
എംപിയുടെ ഫണ്ടിൽനിന്നും ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് അനുവദിച്ച സ്കൂൾ ബസ് ലഭ്യമായതായും രണ്ട് സ്കൂളുകൾക്ക് ഉടൻ ബസ് ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ പറഞ്ഞു.