സബ്സിഡി എല്ലാ തേയിലക്കർഷകർക്കും ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി
1394904
Friday, February 23, 2024 5:59 AM IST
ഗൂഡല്ലൂർ: തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച സബ്സിഡി മുഴുവൻ തേയില കൃഷിക്കാർക്കും ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി. നിലവിൽ 30 ശതമാനം കർഷകർ മാത്രമാണ് സബ്സിഡി ഗുണഭോക്താക്കൾ.
പച്ചത്തേയിലയ്ക്ക് തറവില നിശ്ചയിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് സബ്സിഡിയായി ഒന്പത് കോടി രൂപ അനുവദിച്ചത്. കിലോഗ്രാമിന് രണ്ട് രൂപയാണ് സബ്സിഡി. ജില്ലയിൽ തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള 17 സഹകരണ തേയില ഫാക്ടറികളിൽ അംഗങ്ങളായ 25,000 പേർ ഒഴികെ കർഷകർക്ക് സബ്സിഡി ലഭിക്കില്ല.
ജില്ലയിൽ 65,000 ചെറുകിട തേയിലക്കർഷകരാണുള്ളത്. പച്ചത്തേയില കിലോഗ്രാമിന് 15.50 രൂപയാണ് നിലവിൽ വില. ഡോ.സ്വാമിനാഥൻ കമ്മീഷൻ കിലോഗ്രാമിന് 33.75 രൂപ തറവില ശിപാർശ ചെയ്തെങ്കിലും നടപ്പാക്കാൻ സർക്കാർ തയാറായിട്ടില്ല. ഉത്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. പലരും തേയിലക്കൃഷി ഉപേക്ഷിക്കുകയാണ്.
100ൽപരം സ്വകാര്യ തേയില ഫാക്ടറികൾ ജില്ലയിലുണ്ട്. ചായപ്പൊടിക്ക് മെച്ചപ്പെട്ട വിലയും മാർക്കറ്റിലുണ്ട്. പക്ഷേ, ഇതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. ജില്ലയിലെ പ്രധാന വിളയാണ് തേയില. കർഷകരും തൊഴിലാളികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് തേയിലക്കൃഷിയെ ഉപജീവനത്തിനു ആശ്രയിക്കുന്നത്.
തേയിലക്കർഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ ഭാഗത്ത് ഉണ്ടാകുന്നില്ല. സബ്സിഡി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായും എല്ലാ കർഷകരെയും ഗുണഭോക്താക്കളാക്കണമെന്നും ചെറുകിട തേയില കർഷക സംഘം പ്രസിഡന്റ് ഷാജി ചെളിവയൽ ആവശ്യപ്പെട്ടു.