വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നൂറ് ശൗചാലയങ്ങൾ നിർമിക്കും
1394704
Thursday, February 22, 2024 5:22 AM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സുവർണ ജൂബിലിയോടനുബന്ധിച്ച് സേവ് എ ഫാമിലി പ്ലാൻ ഇന്ത്യയുമായി സഹകരിച്ച് 100 ശൗചാലയങ്ങൾ നിർമിക്കും. നിലവിൽ ശൗചാലയ സൗകര്യം ഇല്ലാത്ത കുടുംബങ്ങളെയാണ് ഈ പദ്ധതിക്കായി പരിഗണിക്കുക. കൂടാതെ നിലവിലുള്ള ശൗചാലയം തീർത്തും മോശമായ അവസ്ഥയിൽ ഉള്ളവരെയും ഈ പദ്ധതിയിലേക്ക് പരിഗണിക്കും. വീടിന് പുറത്ത് ശൗചാലയം നിർമിക്കേണ്ടതാണ്.
ശൗചാലയത്തിന് നാല് അടി വീതിയും ആറ് അടി നീളവും ഏഴ് അടി ഉയരവും ഉണ്ടായിരിക്കണം. ഇന്ത്യൻ ക്ലോസറ്റോ യൂറോപ്യൻ ക്ലോസറ്റോ ഉപയോഗിക്കാം. ഫ്ലോറിംഗ് സിമന്റ്/ റെഡ് ഓക്സൈഡ്/ടൈൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്. ചുമർ സിമന്റ് കൊണ്ട് തേച്ച് വൈറ്റ് വാഷ് ചെയ്യേണ്ടതാണ്. മേൽക്കൂര വാർക്കേണ്ടതാണ്. 2,000 ലിറ്റർ ശേക്ഷി ഉള്ള റെഡിമെയ്ഡ് സെപ്റ്റിക് ടാങ്ക് അല്ലെങ്കിൽ കട്ട കൊണ്ട് കെട്ടിയ സെപ്റ്റിക് ടാങ്ക് ഉപയോഗിക്കാവുന്നതാണ്. ആവശ്യത്തിന് വെള്ളം, ലൈറ്റ്, വെന്റിലേഷൻ സൗകര്യം ഉണ്ടായിരിക്കണം. ടോയ്ലറ്റിന് അടച്ചുറപ്പുള്ള വാതിൽ ഉണ്ടായിരിക്കണം.
ഒരു ടോയ്ലറ്റ് നിർമിക്കുന്നതിന് 30,000 രൂപയാണ് ധനസഹായമായി അനുവദിക്കുക. ബാക്കി തുക ഗുണഭോക്താവ് സ്വന്തം വഹിക്കേണ്ടതാണ്. ടോയ്ലറ്റ് നിർമാണം മാർച്ച് 20ന് മുന്പ് പൂർത്തിയാക്കണം. ഈ പദ്ധതിയിൽ ചേരുവാൻ താത്പര്യമുള്ളവർ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഫീസുമായി ബന്ധപ്പെടണമെന്ന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.