കേരള-കർണാടക-തമിഴ്നാട് പോലീസ് ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നു
1394448
Wednesday, February 21, 2024 4:58 AM IST
ഗൂഡല്ലൂർ: കേരള-തമിഴ്നാട്-കർണാടക അന്തർസംസ്ഥാന പോലീസ്, എക്സൈസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം തമിഴ്നാട്-കർണാടക അതിർത്തി മേഖലയായ മുതുമല വന്യജീവി സങ്കേതത്തിലെ തൊപ്പക്കാടിൽ നടന്നു. മാവോയിസ്റ്റ്, ലഹരിക്കടത്ത്, ലോക്സഭാ ഇലക്ഷൻ തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചു ചേർത്തത്. കുറ്റകൃത്യങ്ങൾ തടയുന്നതിന് നാടുകാണി, കക്കനഹള്ള തുടങ്ങിയ അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.
അതിർത്തി വഴി പുകയില ഉത്പന്നങ്ങൾ, മദ്യം, എംഡിഎംഎ തുടങ്ങിയ ലഹരി വസ്തു കടത്ത് തടയുകയും ഇലക്ഷനുമായി ബന്ധപ്പെട്ട് പണം, സമ്മാനം തുടങ്ങിയവ കൊണ്ടു പോകുന്നത് നിരീക്ഷിക്കുന്നതിനും മാവോയിസ്റ്റുകളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനും വേണ്ടി അന്തർസംസ്ഥാന തലത്തിൽ പരിശോധന ശക്തമാക്കുകയാണ് പ്രധാനമായും യോഗം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. യോഗത്തിൽ കോയന്പത്തൂർ മേഖലാ ഡിഐജിഎ ശരവണകുമാർ അധ്യക്ഷത വഹിച്ചു.
നീലഗിരി എസ്പി സുന്ദര വടിവേലു, ഈറോഡ് എസ്പി ജവഹർ, കർണാടക ചാംരാജ് നഗർ എസ്പി പത്മിനി സാഹു, മലപ്പുറം എസ്പി ശശിധരൻ, മുതുമല കടുവാ സംരക്ഷണ കേന്ദ്രം ഡയറക്ടർ വെങ്കിടേഷ്, ഡെപ്യൂട്ടി ഡയറക്ടർ വിദ്യ, മുണ്ടേരി എക്സൈസ് ഡെപ്യുട്ടി കമ്മീഷണർ എം. രാകേഷ്, വയനാട് എസ്പി ടി. നാരായണൻ, സത്യമംഗലം എസ്ടിഎഫ് എസ്പി രാജൻ, സത്യമംഗലം ഫീൽഡ് ഡയറക്ടർ രാജ്കുമാർ, ബന്ധിപ്പൂർ ഫീൽഡ് ഡയറക്ടർ പി. രമേശ്കുമാർ, വയനാട് വൈൽഡ് ലൈഫ് വാർഡൻ ജി. ദിനേശ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.