വനംമന്ത്രി മയക്കുവെടിയേറ്റ കാട്ടാനയെപോലെ: രമേശ് ചെന്നിത്തല
1394447
Wednesday, February 21, 2024 4:58 AM IST
മാനന്തവാടി: മയക്കുവെടിയേറ്റ കാട്ടാനയെ പോലെയാണ് വനം മന്ത്രിയെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്രയും പേർ മരിച്ചിട്ടും ജില്ലയുടെ ചാർജ് വഹിക്കുന്ന വനം മന്ത്രി വരാത്തത് പ്രതിഷേധാർഹമാണെന്ന് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി ഈ വീടുകൾ സന്ദർശിക്കാത്തത് കുടുംബാംഗങ്ങളോട് കാണിക്കുന്ന അനാഥരവാണ്. വയനാട്ടിലെ വന്യജീവി പ്രശ്നങ്ങൾ പലതവണ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിരുന്നു. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചില്ല.
വയനാട്ടിൽ മെഡിക്കൽ കോളജ് എന്നത് ബോർഡ് മാത്രമേയുള്ളു. വന്യജീവി ആക്രമത്തിൽ പരിക്കേറ്റവർക്ക് മതിയായ ചികിത്സ കിട്ടാത്തതാണ് മരണകാരണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കുടുംബത്തോടൊപ്പം താനുണ്ടെന്നും കുടുംബ നാഥൻ നഷ്ടമാകുന്നതോടെ കുടുംബം അനാഥമാകുകയാണെന്നും അതിനാൽ ആ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രാവിലെ പത്തോടെ പടമലയിലെ അജീഷിന്റെ വീട്ടിലെത്തിയ ചെന്നിത്തല അര മണിക്കൂറോളം കുടുംബത്തോടൊപ്പം ചെലവഴിച്ചു.