കടുവയെ മയക്കുവെടി വയ്ക്കാൻ നടപടി തുടങ്ങി
1394277
Tuesday, February 20, 2024 7:49 AM IST
പുൽപ്പള്ളി: അന്പത്താറിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ വനംവകുപ്പ് നടപടി ആരംഭിച്ചു. തിങ്കളാഴ്ച പകൽ വീടിന് സമീപം കടുവയെത്തിയതറിഞ്ഞ് വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘമെത്തി മയക്കുവെടിവച്ച് പിടികൂന്നതിനായി പ്രദേശത്ത് എത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
രാവിലെ മുതൽ ആരംഭിച്ച തെരച്ചിൽ വൈകുന്നേരമാണ് അവസാനിപ്പിച്ചത്. ജനവാസ മേഖലയിൽ കടുവയിറങ്ങിയതിനെ തുടർന്ന് പഞ്ചായത്തും വനംവകുപ്പും മൈക്ക് അനൗണ്സ്മെന്റിലൂടെ നാട്ടുകാർക്ക് ജാഗ്രതാമുന്നറിയിപ്പ് നൽകിയിരുന്നു.
തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് വാഴയിൽ ബിനീഷിന്റെ ഭാര്യ ചിന്നു വീടിന്റെ മുറ്റത്ത് തുണി വിരിച്ചിടുന്നതിനിടെ സമീപത്തെ തോട്ടത്തിൽ കടുവയെ കണ്ടത്. ഭയന്ന ചിന്നു വീട്ടിനുള്ളിൽ ഓടിക്കയറി ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉന്നതവനപാലകരെ വിവരമറിയിച്ചതിനെതുടർന്ന് ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ നേരത്തെ പിസിസിഎഫ് നൽകിയ ഉത്തരവ് നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ട്. രണ്ട് വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നിരുന്നു. കടുവയുടെ മുന്നിലകപ്പെട്ട ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന, ചെതലത്ത് റേഞ്ച് ഓഫീസർ കെ.പി. അബ്ദുൾ സമദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കടുവയെ പിടികൂടുന്നതിനുള്ള ദൗത്യം. ചെലത്ത് റേഞ്ചിലെ 30 ഓളം ജീവനക്കാർക്ക് പുറമേ വയനാട് ആർആർടി സംഘവും ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അജേഷ് മോഹൻ ദാസിന്റെ നേതൃത്വത്തിലുള്ള മയക്കുവെടി വിദഗ്ധരുമാണ് കടുവയെ പിടികൂടുന്നതിനായുള്ള ദൗത്യ സംഘത്തിലുള്ളത്.
ശനിയാഴ്ച രാവിലെ അന്പത്താറിലെ വാഴയിൽ ബേബിയുടെ മൂരിക്കിടാവിനെ കടുവ കൊന്നിരുന്നു. രാത്രി 11 ഓടെ ആശ്രമക്കൊല്ലി എൽദോസിന്റെ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടുവ അക്രമിച്ചു കൊന്നു. തുടർന്ന് കടുവയെ പിടികൂടുന്നതിനായി ഞായറാഴ്ച വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചു. നിരീക്ഷണത്തിനായി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.