വന്യജീവി ശല്യം: ജില്ലയിൽ ഹര്ത്താൽ പൂർണം
1393693
Sunday, February 18, 2024 5:28 AM IST
കൽപ്പറ്റ: അനുദിനം രൂക്ഷമാകുന്ന മനുഷ്യ-വന്യമൃഗ സംഘർഷത്തിനു അടിയന്തര പരിഹാരം തേടി വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും വെവ്വേറെ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം.
രാവിലെ ആറ് മുതൽ വൈകുന്നേരം ആറു വരെയായിരുന്നു ഹർത്താൽ. വിവിധ സംഘടനകൾ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിൽ കൽപ്പറ്റ, മാനന്തവാടി, ബത്തേരി ഉൾപ്പെടെ ടൗണുകളിലും ചെറിയ അങ്ങാടികളിലും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. അങ്ങിങ്ങ് പെട്ടിക്കടകൾ തുറന്നു. സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു.
സ്വകാര്യ ഓഫീസുകൾ പ്രവർത്തിച്ചില്ല. പ്രൈവറ്റ് ബസുകൾ നിരത്തിൽ ഇറങ്ങിയില്ല. ഇരുചക്രവാഹനങ്ങൾ ടൗണുകളിൽ തടസമില്ലാതെ ഓടി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നു വയനാട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിലടക്കം ചിലേടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.
ദീർഘദൂര സർവീസുകളിൽ ചിലത് കെഎസ്ആർടിസി നടത്തി. ജില്ലയിലെങ്ങും പോലീസ് ജാഗ്രത പുലർത്തി. ഒരാഴ്ചയ്ക്കിടെ ജില്ലയിൽ രണ്ടു പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഹർത്താൽ. യുഡിഎഫാണ് ആദ്യം ഹർത്താൽ പ്രഖ്യാപിച്ചത്. തുടർന്ന് എൽഡിഎഫും ബിജെപിയും ഹർത്താൽ ആഹ്വാനം ചെയ്യുകയായിരുന്നു. വന്യമൃഗ ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ഫാർമേഴ്സ് റിലീഫ് ഫോറത്തിന്റെ നേതൃത്വത്തിൽ 13ന് ജില്ലയിൽ മനഃസാക്ഷി ഹർത്താൽ നടന്നിരുന്നു.
യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി
കൽപ്പറ്റ: വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് യുഡിഎഫ് ആഹ്വാനം ചെയ്ത ജില്ലാ ഹർത്താൽ വിജയപ്പിച്ച ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് മുന്നണി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. കെ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
അഡ്വ.ടി.ജെ. ഐസക്, എം.പി. നവാസ്, പി. വിനോദ്കുമാർ, സി.കെ. നാസർ, എസ്. മണി, ഹർഷൽ കോന്നാടൻ, കെ. ശശികുമാർ, അസീസ് അന്പിലേരി, ഷമീർ ഒടുവിൽ, സെബാസ്റ്റ്യൻ കൽപ്പറ്റ, മുഹമ്മദ് ഫെബിൻ, അർജുൻദാസ്, എം.പി. ബാപ്പു എന്നിവർ പ്രസംഗിച്ചു.
വനം മന്ത്രിയുടെ കോലം കത്തിച്ചു
കൽപ്പറ്റ: യൂത്ത് ലീഗ് പ്രവർത്തകർ ടൗണിൽ വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ കോലം കത്തിച്ചു. വന്യമൃഗ ശല്യത്തിനു പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട വനം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രകടത്തിനു ഒടുവിലാണ് കോലം കത്തിച്ചത്.
ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, സി.കെ. നാസർ, അസീസ് അന്പിലേരി, നൗഫൽ കക്കയത്ത്, ഷമീർ ഒടുവിൽ, എൻ.കെ. ബഷീർ, മൂച്ചിക്കാടൻ ബാപ്പു, അംജദ് ബിൻ അലി, ടി.എസ്. നിഷാദ്, മൻസൂർ ജഹാൻ, ഷംനാസ് റാട്ടക്കൊല്ലി, എൻ.കെ. മുജീബ്, ഒ.പി. ഷമീർ, സാദിഖ് മാട്ടിൽ, റബീൽ അന്പിലേരി എന്നിവർ നേതൃത്വം നൽകി.
സുൽത്താൻ ബത്തേരി മേഖലയിൽ ഹർത്താൽ പൂർണം
സുൽത്താൻ ബത്തേരി: കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നതിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ ആഹ്വാനം ചെയ്ത ജില്ലാ ഹർത്താൽ ബത്തേരി മേഖലയിലും പൂർണം. രാവിലെ മുതൽ തന്നെ യുഡിഎഫ് പ്രവർത്തകർ ബത്തേരി ടൗണിൽ പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. കട കന്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു.
ഫാർമസി ഷോപ്പുകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ബത്തേരിയിൽ അസംപ്ഷൻ ജംഗ്ഷൻ, ട്രാഫിക് ജംഗ്ഷൻ, ചുങ്കം എന്നിവിടങ്ങളിലാണ് വാഹനങ്ങൾ തടഞ്ഞത്. 15 മിനിറ്റ് ശേഷമാണ് വാഹനങ്ങൾ കടന്നു പോകാൻ അനുവദിച്ചത്.
ബത്തേരി ഡിപ്പോയിൽ നിന്ന് ദീർഘദൂര കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ഹർത്താൽ അറിയാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ചരക്ക് വാഹനങ്ങളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും ഹർത്താലിൽ കുടുങ്ങി. വൈകുന്നേരം ബത്തേരി ടൗണിലും നായ്ക്കട്ടിയിലും യുഡിഎഫ് പ്രവർത്തകർ പ്രകടനവും നടത്തി. സംസ്ഥാന അതിർത്തിയിലും ഹർത്താൽ പൂർണമായിരുന്നു.
വനം മന്ത്രിയെ ജില്ലയിൽ കാലുകുത്താൻ അനുവദിക്കില്ല: യൂത്ത് കോണ്ഗ്രസ്
കൽപ്പറ്റ: വന്യജീവി ആക്രമണങ്ങളിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും ഇതുവരെ ജില്ലയിലെത്താത്ത വനംമന്ത്രിയെ ഇനി ജില്ലയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് യൂത്ത് കോണ്ഗ്രസ്. വയനാടിന്റെ ചുമതല കൂടി വഹിക്കുന്ന മന്ത്രിയായിട്ടും തൊട്ടടുത്ത ജില്ലയായ കോഴിക്കോട് തന്നെ മന്ത്രിയുണ്ടായിട്ടും വയനാട്ടിലേക്ക് വരാത്ത മന്ത്രി ഇനിയും തൽസ്ഥാനത്ത് തുടരാൻ അർഹനല്ല.
തൊട്ടടുത്ത ദിവസങ്ങളിലാണ് രണ്ട് മനുഷ്യജീവനുകൾ ആനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. ആ കുടുംബങ്ങളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും തയ്യാറാവാത്ത മന്ത്രി കേരളത്തിന് അപമാനമാണ്. വയനാട്ടിലെ ജനങ്ങളെ ഇത്തരത്തിൽ അവഹേളിക്കുന്ന മന്ത്രി ഇനി ചുരംകയറി ജില്ലയിലേക്ക് വരേണ്ടതില്ലെന്നും വരാൻ ശ്രമിച്ചാൽ വഴിയിൽ തടയുമെന്നും യൂത്ത്കോണ്ഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് അമൽ ജോയ് പറഞ്ഞു.
പ്രമേയവും പ്രതിഷേധവുമായി സർഗ ഗ്രന്ഥാലയം
ഒഴുക്കൻമൂല: വന്യജീവി ആക്രമണങ്ങളിൽ നിന്നും വയനാടൻ ജനതയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ഒഴുക്കൻമൂല സർഗ ഗ്രന്ഥാലയം പ്രമേയം അവതരിപ്പിച്ചും പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചും ജനീകയ സദസൊരുക്കി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി. ജോസ് അധ്യക്ഷത വഹിച്ചു. വി.ജെ. ജോയ്, പി.ജെ. വിൻസെന്റ്, റെജി പുന്നോലിൽ, ഷിജോ തുടങ്ങിയവർ പ്രസംഗിച്ചു.
നിശബ്ദരായി വന്യജീവികൾക്ക് തീറ്റ ആകേണ്ടവരല്ല വയനാടൻ ജനത: എംസിവൈഎം ബത്തേരി രൂപത
സുൽത്താൻ ബത്തേരി: നാട് കാട് ആകുന്പോൾ മനുഷ്യരെ മറന്നുകൊണ്ട് മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന നിയമ ഭേദഗതി പൊളിച്ചെഴുതുക തന്നെ വേണമെന്ന് എംസിവൈഎം ബത്തേരി രൂപത ആവശ്യപ്പെട്ടു. എല്ലാം സഹിച്ചു നിശബ്ദരായി വന്യജീവികൾക്ക് തീറ്റ ആകേണ്ടവരല്ല വയനാടൻ ജനത.
പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വയനാട്ടുകാർ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ പ്രയാസപ്പെടുകയാണ്. ഇന്നത്തെ ഭരണസംവിധാനങ്ങൾക്ക് നിയമങ്ങൾക്ക് മനുഷ്യന് വേണ്ട സുരക്ഷ നൽകാൻ കഴിയുന്നില്ല.
ജനങ്ങൾക്ക് ഉൾക്കൊള്ളാൻ ആവുന്നതിന്റെ പലമടങ്ങായി വന്യമൃഗങ്ങളുടെ ആക്രമണം വർധിച്ചുകൊണ്ടിരിക്കുന്നു. ഒരു കുടുംബത്തിന്റെ അത്താണി മരിച്ചിട്ട്, എന്ത് പ്രയോജനമാണുള്ളത്?
ജീവൻ പൊലിയുന്പോൾ നിസഹായരായി പോവുകയാണ് വയനാടൻ ജനത. ഈ കാട്ടുനീതിക്ക് എതിരെ ശക്തമായ നടപടി അധികാരികൾ സ്വീകരിക്കണമെന്ന് എംസിവൈഎം ബത്തേരി രൂപത പ്രസിഡന്റ് എബി ഏബ്രഹാം, സെക്രട്ടറി അഞ്ചിത റെജി, ഡയറക്ടർ ഫാ. ഗീവർഗീസ് മഠത്തിൽ എന്നിവർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വയനാട്ടിലെത്തണം; വനംമന്ത്രിയെ തത് സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും എംഎൽഎമാർ
പുൽപ്പള്ളി: മുഖ്യമന്ത്രി അടിയന്തരമായി വയനാട്ടിലെത്തണമെന്നും വനംമന്ത്രിയെ എത്രയും വേഗം തത് സ്ഥാനത്ത് നിന്നും നീക്കണമെന്നും എംഎൽഎമാരായ അഡ്വ. ടി. സിദ്ദീഖും, ഐ.സി. ബാലകൃഷ്ണനും ആവശ്യപ്പെട്ടു. പുൽപ്പള്ളിയിൽ ഉദ്യോഗസ്ഥർ നേരത്തെ സ്ഥലത്തെത്തി ചർച്ച നടത്തിയിരുന്നെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു.
സർക്കാരാണ് ജില്ലാകളക്ടറോട് അവിടേക്ക് പോകരുതെന്ന് നിർദേശിച്ചത്. ഇതാണ് പ്രശ്നം ഇത്രയേറെ വഷളാകാൻ കാരണം. കോഴിക്കോട് ജില്ലയിലുണ്ടായിട്ടും മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പോളിന്റെ മൃതദേഹം കാണാനോ, അവിടെ സന്ദർശിക്കാനോ വനംമന്ത്രി എ.കെ. ശശീന്ദ്രൻ തയ്യാറായിട്ടില്ല.
ഇത് ഖേദകരമായ സംഭവമാണ്. ഒരുപാട് ചർച്ചകളും തീരുമാനങ്ങളുമെടുത്തെങ്കിലും അതൊന്നും നടപ്പിലാക്കാൻ ആവശ്യമായ നടപടികളുണ്ടാകുന്നില്ല. ഇതാണ് വീണ്ടും വീണ്ടും വന്യമൃഗശല്യം ഇതുപോലെ രൂക്ഷമാകാനും മനുഷ്യജീവൻ നഷ്ടമാക്കാനുള്ള സാഹചര്യമുണ്ടാക്കുന്നതും. വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയാണ് പോളിന് മതിയായ ചികിത്സ കിട്ടാത്ത സാഹചര്യമുണ്ടാക്കിയത്.
എപ്പോഴും ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളെ റഫർ ചെയ്യാൻ മാത്രമുള്ളൊരു ആശുപത്രി ഇത് മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ പോളിന്റെ മരണത്തിന്റെ ഉത്തരവാദിതത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് വയനാട് കടന്നുപോകുന്നത്.
എന്നാൽ ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ട സർക്കാരും വനംവകുപ്പും വളരെ ലാഘവത്തോടെയാണ് പ്രശ്നങ്ങളെ നോക്കികാണുന്നതെന്നും ഇരുവരും കുറ്റപ്പെടുത്തി. മൂന്ന് ആഴ്ചക്കിടെ മൂന്ന് മനുഷ്യജീവനുകളും കടുവയുടെ ആക്രമണത്തിനിരയായി യുവാവിന്റെയും ജീവൻ നഷ്ടമായിട്ടും വനംമന്ത്രിയുൾപ്പെടെ മന്ത്രിമാരിൽ ഒരാൾ പോലും ഇവരുടെ കുടുംബത്തെ സന്ദർശിക്കാൻ തയാറാകാത്തത് അതിന് തെളിവാണെന്നും എംഎൽഎമാർ കൂട്ടിച്ചേർത്തു.
സർക്കാറിന്റെയും വനം വന്യജീവി വകുപ്പിന്റെയും നിഷ്ക്രിയത്വം: കെഎൽസിഎ
പനമരം: വന്യജീവി ആക്രമണത്തിൽ മരണങ്ങൾ തുടർക്കഥയാകുന്പോഴും സർക്കാരും വനം വന്യജീവി വകുപ്പും നിഷ്ക്രിയ നിലപാട് തുടരുകയാണെന്ന് കെഎൽസിഎ വയനാട് ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. വന്യജീവിശല്യം രൂക്ഷമായി കൊണ്ടിരിക്കുകയും മനുഷ്യജീവന് പുല്ലുവില കൽപ്പിച്ചുകൊണ്ട് മൃഗങ്ങൾക്ക് പ്രഥമസ്ഥാനം നൽകി വനം, വന്യജീവിവകുപ്പ് മുന്നോട്ട് പോകുന്ന പ്രവണത കുറേ വർഷങ്ങളായി വയനാട്ടിൽ നിത്യസംഭവമായിരിക്കുകയാണ്.
സർക്കാരിന്റെയോ ഉന്നത അധികാരവർഗത്തിന്റെയോ അലംഭാവമാണ് കൃഷിനശിപ്പിക്കലും കർഷകന്റെ മരണത്തിലും കലാശിക്കുന്നത്.
മനുഷ്യ ജീവനുകൾ ആനയക്കും കടുവയ്ക്കും കരടിക്കും ആഹാരമായി തീർക്കുന്ന കിരാത വനനിയമങ്ങൾ അവസാനിപ്പിച്ച് മനുഷ്യർക്ക് സ്വാസ്ഥ്യമായ ജീവിത സാഹചര്യം ഒരുക്കി കൊടുക്കുവാൻ നിയമനിർമാണം കൊണ്ടുവരുക, വന്യമൃഗങ്ങൾക്ക് സ്വസ്ഥമായി വനത്തിൽ ജീവിക്കുന്നതിനുള്ള അവസരമൊരുക്കി കൊടുക്കുക, കാടും നാടും വേർതിരിക്കുക തുടങ്ങിയ വയനാടൻ കർഷകന്റെ പരാധീനതകൾ പരിഹരിക്കണമെന്ന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പുൽപ്പള്ളി പാക്കത്തെ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട പോളിന് യോഗം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് എൻ.കെ. ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഇ.വി. സജി അധ്യക്ഷത വഹിച്ചു. ടി.കെ. ഉമ്മർ, ബേബി തുരുത്തിയിൽ, ഗോപി പൂതാടി, കെ.പി. മോഹനൻ, എൻ.കെ. ശ്രീനിവാസൻ, സൈനുദീൻ കൽപ്പറ്റ, ഹാരിസ് പടിഞ്ഞാറത്തറ, മാത്യു പ്ലാക്കുടിയിൽ, അഷറഫ് പുല്ലാടൻ, വിമല വൈത്തിരി, ലൂസി തോണിച്ചാൽ എന്നിവർ പ്രസംഗിച്ചു.