അജിയുടെ മരണം: കലിയടങ്ങാതെ നാട്ടുകാർ
1392253
Monday, February 12, 2024 5:44 AM IST
സർക്കാർ സംവിധാനങ്ങളുടെ പരാജയം: മാനന്തവാടി രൂപത
മാനന്തവാടി: റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ മാനന്തവാടി ചാലിഗദ്ദ പനച്ചിയിൽ അജീഷ് മരണപ്പെട്ടതിനു കാരണം സർക്കാർ സംവിധാനങ്ങളുടെ പരാജയമാണെന്ന് മാനന്തവാടി രൂപത പപ്ലിക് അഫയേഴ്സ് കമ്മിറ്റിയുടെ അടിയന്തര യോഗം അഭിപ്രായപ്പെട്ടു.
റേഡിയോ കോളറുള്ള ആനയുടെ നീക്കം തടയാൻ കഴിഞ്ഞില്ല എന്നത് വീഴ്ചയല്ല,ഗൗരവതരമായ ഉപേക്ഷയാണ്. റേഡിയോ കോളർ ഘടിപ്പിച്ച തണ്ണീർക്കൊന്പൻ മാനന്തവാടി ടൗണിൽ എത്തുന്നതിനും ജനങ്ങളെ ഭീതിയിലാക്കുന്നതിനും ഇടയാക്കിയതും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്.
വന്യജീവി ആക്രണമുണ്ടാകുന്പോഴൊക്കെ രാഷ്ട്രീയ വിഭജനവും വിഭാഗീയതയും സൃഷ്ടിച്ച് വിഷയത്തെ വഴിമാറ്റാനും നഷ്ടപരിഹാരമെന്ന ഔദാര്യം നൽകി ജനകീയ പക്ഷോഭങ്ങളുടെ മുനയൊടിക്കാനുമാണ് ഉത്തരവാദപ്പെട്ടവർ ശ്രമിക്കുന്നത്. പ്രശ്നങ്ങളുണ്ടാകുന്പോഴെല്ലാം സമാനരീതിയിൽ ജനങ്ങളെ കബളിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങൾ മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണ്.
ഇതിനെതിരേ ഒറ്റക്കെട്ടായ ജനകീയ സമരം ഉയരേണ്ടതുണ്ടെന്നും യോഗം ഭിപ്രായപ്പെട്ടു. പിആർഒമാരായ സാലു ഏബ്രാഹം മേച്ചരിൽ, സെബാസ്റ്റ്യൻ പാലംപറന്പിൽ, ജോസ് പള്ളത്ത്, രൂപത പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി ജോസ് പുഞ്ചയിൽ, പയ്യന്പള്ളി ഫൊറോനവികാരി ഫാ. സുനിൽ വട്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.
മനുഷ്യനേക്കാൾ പ്രാധാന്യം വന്യമൃഗത്തിനു നൽകുന്ന അവസ്ഥ മാറണം: സിസിഎഫ്
കൽപ്പറ്റ: മനുഷ്യനേക്കാൾ പ്രാധാന്യം വന്യമൃഗത്തിനു നൽകുന്ന അവസ്ഥ മാറണമെന്ന് സിസിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യനെ കൊല്ലുന്ന സ്ഥിതിയിലാണ് നിലവിൽ ജില്ല. ഇതിനു പരിഹാരം കാണണമെന്ന് സർക്കാർ സംവിധാനങ്ങളോട് ആവശ്യപ്പെട്ടിട്ടും ഫലം ഉണ്ടാകുന്നില്ല.
ഏറ്റവും ഒടുവിൽ കർണാടകയിൽനിന്നു എത്തിയ ആന പയ്യന്പള്ളിക്കടുത്ത് ചാലിഗദ്ദയിൽ ഒരു മനുഷ്യജീവൻ എടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. വന്യമൃഗങ്ങൾ വനത്തിലാണ്, ജനവാസകേന്ദ്രങ്ങളിൽ അല്ല ജീവിക്കേണ്ടത്.
വന്യമൃഗങ്ങളുടെ കാടിറക്കം തടയാൻ ഫലപ്രദമായ നടപടി ഉണ്ടാകണം. വന്യമൃഗപ്പെരുപ്പം ശാസ്ത്രീയമായി നിയന്ത്രിക്കണം. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഭരണകൂടം ഉത്തരവാദിത്തം നിറവേറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ കെ.കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാലു ഏബ്രഹാം മേച്ചരിൽ, ട്രഷറർ വി.ജെ. വിൻസന്റ്, ജോസ് താഴത്തേൽ, കെ.വി. ജോയി, ലോറൻസ് കല്ലോടി, ഷാജൻ മണിമല, കെ.എസ്. ജോയി, ജോണ്സണ് കുറ്റിക്കാട്ടിൽ, ജോസ് മലയിൽ, കെ.വി. സണ്ണി, പുഷ്പ ജോസഫ്, ബീന ബേബി, ഇ. ബെൽസർ, എഡ്വിൻ ചുണ്ടേൽ, കെ.വൈ. ജോർജ് എന്നിവർ പ്രസംഗിച്ചു.
മനുഷ്യനെ മനുഷ്യനായി കാണാൻ സർക്കാർ തയ്യാറാകണം: ഫാ. ജെയ്സ് പൂതക്കുഴി
പുൽപ്പള്ളി: മനുഷ്യന്റെ ജീവനേക്കാൾ വില വന്യജീവികൾക്ക് കൽപ്പിക്കുന്നതുകൊണ്ട് വന്യജീവികൾക്ക് അനുകൂലമായി നിയമകൾ രൂപപ്പെടുത്താൻ കാരണമെന്ന് വാകേരി പള്ളി വികാരി ഫാ. ജെയ്സ് പൂതക്കുഴി.
കാട്ടിലുള്ള മൃഗങ്ങളെ കാട്ടിൽ തന്നെ സൂക്ഷിക്കുവാൻ വേണ്ടി ഉത്തരവാദിത്തമുള്ള അധികാരികളോ സർക്കാരോ അതുമായി ബന്ധപ്പെട്ട പ്രതിനിധികളോ ആ കാര്യത്തിൽ ഒരു ശ്രദ്ധയും ചെലുത്തുന്നില്ല.
കഴിഞ്ഞതവണ മാനന്തവാടി ടൗണിൽ ഇറങ്ങിയ കാട്ടാനയെ മയക്കു വെടിവച്ച് കൊണ്ടു പോകുന്ന വഴിക്ക് ചത്തുപോകാൻ ഇടയായതിൽ വിലപിക്കുവാനും പ്രതിഷേധിക്കുവാനും ഒരുപാട് പേർ ഉണ്ടായിരുന്നു.
എന്നാൽ മരണമടഞ്ഞ പടമലയിലെ അജീഷിന്റെയും ഡിസംബറിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരിയിലെ പ്രജീഷിന്റെയും മരണത്തിലുള്ള അനുശോചനം ചെറിയ ചെറിയ പ്രതിഷേധങ്ങളിൽ മാത്രം ഒതുങ്ങി എന്നതാണ് സങ്കടകരമായ വസ്തുതയെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ അവഗണനയുടെ ദുരന്തഫലം: സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: കാടും നാടും വേർതിരിച്ച് വന്യമൃഗ ശല്യം തടയുന്നതിൽ വനം വകുപ്പും സർക്കാരും കാണിച്ച കടുത്ത അവഗണനയുടെയും അനാസ്ഥയുടയും ദുരന്തഫലമാണ് ചാലിഗദ്ദ പനച്ചിയിൽ അജീഷിനുണ്ടായ ജീവഹാനിയെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് കുറ്റപ്പെടുത്തി.
മാനന്തവാടിയിൽ മണിക്കൂറുകൾ നീണ്ടു നിന്ന പ്രതിഷേധം, ജനവാസ കേന്ദ്രങ്ങളിൽ രൂക്ഷമായ വന്യജീവി ശല്യം കൊണ്ട് പൊറുതി മുട്ടിയ ജനത്തിന്റെ വികാരത്തിന്റെ ശക്തമായ പ്രതികരണമാണ്. പ്രശ്നത്തിന്റെ ഗൗരവം സർക്കാർ ഉൾക്കൊള്ളണം. പ്രശ്നങ്ങൾ ഉണ്ടാവുന്പോൾ മാത്രം ഉണരുന്ന നയം സർക്കാർ മാറ്റണം. വന്യമൃഗ ശല്യത്തിനെതിരേ നടപടികൾ സ്വീകരിക്കുന്നതിലും ജനവികാരം മാനിക്കുന്നതിലും വനം മന്ത്രിയും വകുപ്പും കനത്ത പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അജീഷിന്റെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് രാഹുൽഗാന്ധി എംപി
കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ചാലിഗദ്ദ പനച്ചിൽ അജീഷിന്റെ കുടുംബത്തെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് രാഹുൽഗാന്ധി എംപി. കുടുബത്തിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞ രാഹുൽഗാന്ധി അജീഷിന്റെ ആകസ്മിക നിര്യാണത്തിൽ അഗാധമായ ദുഃഖവും രേഖപ്പെടുത്തി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുന്നിൽ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരു കർമപദ്ധതിയുടെ അഭാവം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് രാഹുൽഗാന്ധി ഇന്നലെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വയനാട്ടിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എംപി കത്തും അയച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണം, പ്രത്യേകിച്ച് ആനകളുടെ ആക്രമണം, വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തിനും ഉപജീവനമാർഗത്തിനും വലിയ നാശം വിതച്ചിട്ടുണ്ട്. മനുഷ്യമൃഗ സംഘർഷം വർധിച്ചുവരുന്ന സംഭവങ്ങൾമൂലം വയനാട്ടിലെ ജനങ്ങൾക്ക് വലിയ വിലയാണ് നൽകേണ്ടിവരുന്നത്.
വനാതിർത്തികളിലും മറ്റും താമസിക്കുന്നവർ ഭയപ്പാടോടെയാണ് കഴിയുന്നത്. വന്യമൃഗശല്യവും ആക്രമണവുമായി ബന്ധപ്പെട്ട വിഷയം നിരന്തരമായി ഉന്നയിക്കുകയും വയനാട്ടിലെ ഇത്തരം ആക്രമണങ്ങൾ ലഘൂകരിക്കാൻ ആവശ്യമായ നടപടികളുണ്ടാകണമെന്നും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ വന്യമൃഗആക്രമണങ്ങളെ ചെറുക്കാൻ കാര്യക്ഷമമായ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും എംപി മുഖ്യമന്ത്രിക്കുള്ള കത്തിൽ ആവശ്യപ്പെട്ടു.
വയനാട്ടിൽ എത്തിയത് കർണാടക പിടികൂടിയ ഒന്പത് ആനകളിൽ രണ്ടെണ്ണം: പ്രകൃതി സംരക്ഷണ സമിതി
കൽപ്പറ്റ: വടക്കേ വയനാട്ടിലെ മാനന്തവാടി ടൗണിൽ ഇറങ്ങിയ തണ്ണീർക്കൊന്പനും ശനിയാഴ്ച രാവിലെ പയ്യന്പള്ളി ചാലിഗദ്ദയിൽ കർഷകൻ അജീഷിനെ കൊലപ്പടുത്തിയ മോഴയും കർണാടക വനം വകുപ്പ് മയക്കുവെടിവച്ച് പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച ഒന്പത് ആനകളിൽ രണ്ടെണ്ണമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അന്പലവയൽ എന്നിവർ പറഞ്ഞു.
റേഡിയോ കോളർ ഘടിപ്പിച്ചതിൽ ഏഴ് ആനകൾ നാഗർഹോളയിലുണ്ട്. ജില്ലയിൽ അടുത്തിടെ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളിൽ കർണാടക വനം വകുപ്പിനും ഉത്തരവാദിത്തമുണ്ട്. കേരള ഗ്രാമങ്ങൾക്ക് സമീപമാണ് ഹാസനിൽനിന്നു പിടികൂടിയെ ആനകളെ മോചിപ്പിച്ചത്. ഹാസൻ, ചിക്മംഗളൂരു, സകലേസ്പുര എന്നിവിടങ്ങളിൽ കർണാടക രാഷ്ട്രീയ നേതാക്കൾക്ക് വൻകിട തോട്ടങ്ങളുണ്ട്.
ഇവിടങ്ങളിൽ നിരന്തരം ഇറങ്ങുന്ന ആനകളെ തോട്ടം ഉടമകളുടെ സമ്മർദത്തിനു വഴങ്ങി കർണാടക വനം വകുപ്പ് പിടികൂടിക്കൊണ്ടിരിക്കയാണ്. പിടിച്ച് റഡിയോ കോളർ ഘടിപ്പിച്ച ആനകളെ മതിയായ രീതിയിൽ നിരീക്ഷിക്കുന്നില്ല. ഈ വീഴ്ചയ്ക്ക് കർണാടക ഉത്തരം പറയണം. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി ബന്ധപ്പെട്ടുകിടക്കുന്ന വനങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിന് സംവിധാനമില്ല.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ സ്റ്റാറ്റ്യൂട്ടറി ബോഡി രൂപീകരിച്ച് സ്റ്റാറ്റ്യൂട്ടറി ബോഡി രൂപീകരിച്ച് ഏകോപനം ഉറപ്പുവരുത്തണം. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കുള്ള സമാശ്വാസധനം 25 ലക്ഷം രൂപയായി വർധിപ്പിക്കണം. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം അഞ്ചിരട്ടിയായി വർധിപ്പിക്കണം. വന്യജീവി ആവാസവ്യവസ്ഥ നശിപ്പിച്ചതിന്റെ പരിണിതഫലമാണ് വയനാട് ഇപ്പോൾ അനുഭവിക്കുന്നതെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.
വയനാട്ടിൽ ചൊവ്വാഴ്ച"മനഃസാക്ഷി’ ഹർത്താൽ ആഹ്വാനം ചെയ്ത് എഫ്ആർഎഫ്
കൽപ്പറ്റ: വയനാട്ടിൽ ചൊവ്വാഴ്ച "മനഃസാക്ഷി’ ഹർത്താൽ ആഹ്വാനം ചെയ്ത് ഫാർമേഴ്സ് റിലീഫ് ഫോറം. വന്യമൃഗ ആക്രമണത്തിൽനിന്നു മനുഷ്യരുടെ ജീവനും ജീവനോപാധികൾക്കും സംരക്ഷണം നൽകുന്നതിൽ അധികാരികൾ കാട്ടുന്ന വീഴ്ചയിൽ പ്രതിഷേധിച്ചാണ് രാവിലെ ആറു മുതൽ വൈകുന്നേരം അഞ്ചുവരെ ഹർത്താൽ ആഹ്വാനം ചെയ്തതെന്നു ഫോറം ജില്ലാ ചെയർമാൻ പി.എം. ജോർജ് അറിയിച്ചു.
ഇതര കർഷക സംഘടനകളുമായി ചർച്ച ചെയ്തല്ല ഹർത്താൽ തീരുമാനിച്ചത്. വന്യജീവി ശല്യം മൂലം ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഹർത്താലിൽ പങ്കാളികളാകാം.
വന്യജീവി പ്രതിരോധത്തിനു ഫലപ്രദ പദ്ധതികൾ നടപ്പാക്കാൻ ഭരണകൂടം തയാറാകാത്ത സാഹചര്യത്തിൽ കൈകെട്ടി നിൽക്കാൻ ഫോറത്തിനു കഴിയില്ല. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളതിൽ മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലുമായി സഹകരിക്കണമെന്ന് ഫോറം ജില്ലാ ചെയർമാൻ അഭ്യർഥിച്ചു.
വനംമന്ത്രി രാജിവയ്ക്കണം: മുസ്ലിം ലീഗ്
കൽപ്പറ്റ: ജില്ലയിൽ വർധിക്കുന്ന വന്യജീവി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വനം മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.
പിടികൂടുന്ന ആനകളെയും കടുവകളെയും വയനാട് അതിർത്തി വനത്തിൽ തുറന്നുവിടുന്ന കർണാടക വനം അധികൃതരുടെ നടപടി പ്രതിഷേധാർഹമാണ്. ദിവസങ്ങൾ മുന്പ് മാനന്തവാടിയിലും പരിസരങ്ങളിലും കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിച്ച സാഹചര്യത്തിൽ ഉണർന്നുപ്രവർത്തിക്കേണ്ട വനപാലകരുടെ ശ്രദ്ധക്കുറവാണ് പയ്യന്പള്ളി ചാലിഗദ്ദയിൽ കർഷകന്റെ മരണത്തിന് ഇടയാക്കിയത്.
ജില്ലയിലെ വന്യജീവി ശല്യത്തിന്റെ പരിഹാരത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ജില്ലയിൽ എത്തണം: കോണ്ഗ്രസ്
കൽപ്പറ്റ: ജില്ലയിൽ മനുഷ്യനും വന്യമൃഗങ്ങളുമായുള്ള സംഘർഷം അതിരൂക്ഷമായി തുടരുകയും മനുഷ്യരെ മൃഗങ്ങൾ കൊന്ന് തിന്നുകയും കർഷകരുടെ കൃഷി മുഴുവൻ നശിപ്പിക്കുകയും ജീവിതം വഴിമുട്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ജില്ലയിൽ എത്തണമെന്ന് വയനാട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയുടെ ചുമതലയുള്ള വനംവകുപ്പ് മന്ത്രി കൂടിയായ എ.കെ. ശശീന്ദ്രൻ ജില്ലയിൽ വരികയോ, വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുകയോ ചെയ്യുന്നില്ല. വയനാടൻ ജനതക്ക് മന്ത്രി എ.കെ. ശശീന്ദ്രനിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ വയനാട്ടിൽ എത്തുകയും സർവകക്ഷി പ്രതിനിധികളും കർഷക പ്രതിനിധികളുമായി ചർച്ച നടത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുന്നത്.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെ.എൽ. പൗലോസ്, പി.പി. ആലി, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, സംഷാദ് മരക്കാർ, ബിനു തോമസ്,
പി.ഡി. സജി, പി.കെ. അബ്ദുറഹിമാൻ, നിസി അഹമ്മദ്, ബീന ജോസ്, മോയിൻ കടവൻ, പി.ടി. ഗോപാലക്കുറുപ്പ്, കെ.വി. പകർ ഹാജി, ഗോകുൽദാസ് കോട്ടയിൽ, പോൾസണ് കൂവക്കൽ, അമൽ ജോയ്, ഉഷ തന്പി, ജിനി തോമസ്, ഗൗതം ഗോകുൽദാസ്, സുരേഷ് ബാബു വാളൽ തുടങ്ങിയവർ പ്രസംഗിച്ചു.
സർക്കാരിനും റിസോർട്ട് മാഫിയകൾക്കും തുല്യ പങ്ക്: സിപിഐ-എംഎൽ
കൽപ്പറ്റ: സർക്കാരിന്റെ നയവൈകല്യം കൊണ്ട് ഉണ്ടായിട്ടുള്ള നിരവധി ദുരന്തങ്ങളിൽപെട്ട ഒന്നുമാത്രമാണ് അജീഷിന്റെ മരണമെന്ന് സിപിഐ-എംഎൽ ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. സർക്കാരുകൾ കാലങ്ങളായി വനഭൂമികളിൽ നടത്തിവന്ന ഏകവിളതോട്ട നിർമാണം സ്വഭാവിക വനങ്ങൾ നശിപ്പിക്കുകയും വന്യജീവികളുടെ തീറ്റ ഇല്ലാതാക്കുകയും ചെയ്തു.
വനം വകുപ്പിന്റെ പിന്തുണയോടെ മാഫിയകൾ കൈവശം വെച്ചുവരുന്ന വനാന്തർ ഭാഗങ്ങളിലെ വിവിധതരം പട്ടയ-കൈവശ ഭൂമികളിൽ രാപകൽഭേദമില്ലാതെ റിസോർട്ടുകളും മറ്റ് വിവിധ പ്രവർത്തികളും നടന്നു വരുന്നു. ഇവയെല്ലാം വനത്തിന്റെ സ്വസ്ഥത നശിപ്പിക്കുകയും വന്യജീവികൾ കാടുപേക്ഷിക്കുന്നതിനും മനുഷ്യവാസ മേഖലകളിലേക്ക് എത്തുന്നതിനും കാരണമാകുന്നു. അജീഷിന്റെ മരണത്തിൽ സർക്കാരിനും റിസോർട്ട് മാഫിയകൾക്കും തുല്യപങ്കാണുള്ളത്.
മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾക്കും മനുഷ്യരുടേയും വളർത്തുമൃഗങ്ങളുടെയും ജീവൻ നഷ്ടപ്പെടുന്നതും ഒരായുസുകൊണ്ട് തിരിച്ചു വരാൻ കഴിയാത്തവിധം കാർഷികമേഖലയിലുണ്ടാക്കുന്ന നാശനഷ്ടങ്ങളും നിസംഗഭാവത്തോടെ വീക്ഷിക്കുന്ന സർക്കാർ സമീപനങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐ-എംഎൽ ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. അജീഷിന്റെ ദാരുണമായ മരണത്തിൽ ജില്ലാകമ്മിറ്റി അനുശോചിച്ചു.
യോഗത്തിൽ പി.വി. തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാം പി. മാത്യു റിപ്പോർട്ടവതരിപ്പിച്ചു. പി.യു. ബാബു, എ.കെ. അജയകുമാർ, കെ.പി. സത്യൻ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ മാർച്ച് നടത്തി
പുൽപ്പള്ളി: മാനന്തവാടി പടമലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചതിൽ പ്രതിഷേധിച്ച് പുൽപ്പള്ളി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ പ്രതിഷേധ മാർച്ച് നടത്തി. സർക്കാരിന്റെയും വനംവകുപ്പിന്റെയും കുറ്റകരമായ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം രേഖപ്പെടുത്തി.
മരിച്ച ആളുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പിഡി ജോണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ, പി.ഡി. സജി, കർഷക കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോമി തേക്കുമല, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് മണി പാന്പനാൽ, ബ്ലോക്ക് കോണ്ഗ്രസ് സെക്രട്ടറി റെജി പുളിങ്കുന്നേൽ, മാത്യു ഉണ്ടശാം പറന്പിൽ, ടോണി തോമസ്, ശരത്ത്, അഭിലാഷ് ജോർജ്, മനോജ് കടുപ്പിൽ, ടി.പി. മർക്കോസ്, ഷിബു തേൻകുന്നേൽ, മുരളി പുറത്തുട്ട് എന്നിവർ നേതൃത്വം നൽകി.
ചെന്നലോടിൽ റാലി നടത്തി
ചെന്നലോട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പയ്യന്പള്ളി ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വന്യജീവി പ്രതിരോധത്തിനു വനം വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചും സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗങ്ങൾ ടൗണിൽ റാലി നടത്തി. പള്ളി അങ്കണത്തിൽ ആരംഭിച്ച റാലിക്ക് വികാരി ഫാ. ജോബി മുക്കാട്ടുകാവുങ്കൽ നേതൃത്വം നൽകി.