വൈവിധ്യങ്ങളുടെ നിറച്ചാർത്ത് ഒരുക്കി ഡി പോൾ സ്കൂൾ
1375146
Saturday, December 2, 2023 1:24 AM IST
കൽപ്പറ്റ: സിബിഎസ്ഇയുടെ പാഠ്യ പദ്ധതിയുടെ ഭാഗമായി കലകളോടൊപ്പം പഠനം എന്ന ആശയത്തിന്റെ ഭാഗമായി വൈവിധ്യങ്ങളുടെ നിറച്ചാർത്ത് ഒരുക്കി കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ. രണ്ടു സംസ്ഥാനങ്ങളെ കുറിച്ച് ആഴത്തിൽ പഠിക്കുന്നതിനായി സെൻട്രൽ ബോർഡ് ആവിഷ്കരിച്ച പഠന രീതിയാണ് ആർട്ട് ഇന്റഗ്രേറ്റഡ് പ്രോഗ്രാം.
അതുപ്രകാരം ഛത്തീസ്ഗഡ് - കേരള സംസ്ഥാനങ്ങളെ പറ്റി പഠിക്കുന്നത്തിനു ഇരു സംസ്ഥാനങ്ങളുടെയും ജീവിത രീതികൾ വിദ്യാർഥികൾ അവതരിപ്പിച്ചു. ആയിരത്തി മുന്നൂറിൽ പരം വിദ്യാർഥികൾ കല, സംസ്കാരം, മതപരമായ വൈവിധ്യങ്ങൾ, ഭക്ഷണം, വേഷവിധാനങ്ങൾ, ഭാഷ, തുടങ്ങിയവ എളുപ്പത്തിൽ മറ്റുള്ളവർക്ക് മനസിലാക്കുന്ന രീതിയിൽ അവതരിപ്പിച്ചു.
ഹയർ സെക്കൻഡറി വിഭാഗം തയാറാക്കിയ ഭാഷണ ശാലയിൽ ഇരു സംസ്ഥാനങ്ങളുടെയും രുചി ഭേദങ്ങൾ അവതരിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. ജോഷി പെരിയപ്പുറം ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പി.യു. ജോസഫ്, ബർസാർ ഫാ. ജിതിൻ ഇടച്ചിലാത്ത്, വൈസ് പ്രിൻസിപ്പൽ ഫാ. സിബി എം. ജോസഫ്, ഹെഡ്മിസ്ട്രസ് ഗ്ലോറിയാ ബനിൽ എന്നിവർ പ്രസംഗിച്ചു.