റവന്യൂ പട്ടയ ഭൂമിയിലെ ഈട്ടി മുറി: കര്‍ഷകരില്‍നിന്നു പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തം
1339734
Sunday, October 1, 2023 8:03 AM IST
കല്‍പ്പറ്റ: റവന്യൂ പട്ടയ ഭൂമികളില്‍ 202021ല്‍ നടന്ന അനധികൃത ഈട്ടി മുറിയുമായി ബന്ധപ്പട്ട് കര്‍ഷകരില്‍നിന്നു മര വിലയും കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി (കെഎൽസി) നിയമപ്രകാരം പിഴയും ഇടാക്കുന്നതില്‍ പ്രതിഷേധം ശക്തം. മരവിലയും പിഴയും ഒടുക്കുന്നതിന് കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ച റവന്യൂ നടപടിക്കെതിരേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക, പരിസ്ഥിതി സംഘടനകളും രംഗത്തുവന്നു.
ജില്ലയില്‍ ഏറ്റവും ഒടുവില്‍ മുട്ടില്‍ സൗത്ത് വില്ലേജിലെ 35 കര്‍ഷകര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ഇവരില്‍ വിരലില്‍ എണ്ണാവുന്നവര്‍ ഒഴികെയുള്ളത് നിത്യവൃത്തിക്ക് കഷ്ടപ്പെടുന്നവരാണ്. പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്ന പരിമിത കര്‍ഷകരും ഇതില്‍പ്പെടും.
മുറിക്കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് വ്യാപാരികള്‍ കര്‍ഷകരില്‍നിന്നു ഈട്ടി, തേക്ക് മരങ്ങള്‍ വാങ്ങിയത്. വ്യാപാരികളും ഇടനിലക്കാരും കബളിപ്പിക്കുകയായിരുന്നുവെന്ന് കര്‍ഷകര്‍ പിന്നീടാണ് തിരിച്ചറിഞ്ഞത്. കൃഷിക്കാരില്‍ പലര്‍ക്കും അഡ്വാന്‍സ് മാത്രം നല്‍കിയാണ് വ്യാപാരികള്‍ മരങ്ങള്‍ മുറിച്ചത്. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ മരങ്ങള്‍ വിറ്റ ഭൂവുടമകളെ അനധികൃതമായി മരങ്ങള്‍ മുറിച്ചതിനുള്ള കേസുകളില്‍നിന്നും കെഎല്‍സി നടപടികളില്‍നിന്നും ഒഴിവാക്കണമെന്ന് വിവിധ സംഘടനകള്‍ നേരത്തേ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മരവിലയും പിഴയും അടയ്ക്കുന്നതിനു നോട്ടീസ് ലഭിച്ചതോടെ ഇതു വെറുതെയായെന്നു വ്യക്തമായി.
റവന്യൂ പട്ടയ ഭൂമികളില്‍ നടന്ന നിയമവിരുദ്ധ ഈട്ടിമുറിയുടെ ഉത്തരവാദിത്തം ആദിവാസികള്‍ അടക്കം കര്‍ഷകരില്‍ കെട്ടിവച്ച് പിഴ ഈടാക്കാന്‍ റവന്യൂ വകുപ്പ് നല്കിയ നോട്ടീസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികളായ എന്‍. ബാദുഷ, തോമസ് അമ്പലവയൽ, സണ്ണി മരക്കടവ്, ബാബു മൈലമ്പാടി, രാമകൃഷ്ണന് തച്ചമ്പത്ത്, പി.എം. സുരേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
മരങ്ങള്‍ മുറിച്ച വ്യാപാരികളില്‍നിന്നും അതിനു ഒത്താശ ചെയ്ത റവന്യൂ ഉദ്യോഗസ്ഥരില്‍നിന്നും പിഴ ഈടാക്കണമെന്ന് നിര്‍ദേശിച്ചു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020ല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് മുട്ടില്‍ സൗത്ത് വില്ലേജിലടക്കം റവന്യൂ പട്ടയ ഭൂമികളിൽ മരം മുറി നടന്നതെന്നു സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
മരവിലയും പിഴയും അടയ്ക്കുന്നതില്‍നിന്നു കര്‍ഷകരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കിയതായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎല്‍എ അറിയിച്ചു. ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടതടക്കം കര്‍ഷകരെ ചതിയില്‍പ്പെടുത്തിയാണ് ചില വ്യാപാരികള്‍ റവന്യൂ പട്ടയ ഭൂമികളിലെ മരങ്ങള്‍ വിലയ്ക്കുവാങ്ങി മുറിച്ചത്. വഞ്ചിതരായവര്ക്കെതിരായ കഐല്സി നടപടികള്‍ അംഗീകരിക്കാനാകില്ല. കര്‍ഷകരെ സംരക്ഷിക്കുന്നതിനും മരം മുറിക്കു ഗൂഢാലോചന നടത്തിയവര്‍ക്കു തക്കതായ ശിക്ഷ ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ തയാറാകണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
പിഴ ഈടാക്കുന്നതിനു കര്‍ഷകര്‍ക്കു നോട്ടീസ് അയച്ചതില്‍ പ്രതിഷേധിച്ചും നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും മൂന്നിന് കോണ്‍ഗ്രസ് മുട്ടില്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന് അറിയിച്ചു. മരവിലയും പിഴയും അടയ്ക്കുന്നതിനു നോട്ടീസ് ലഭിച്ച മുട്ടില്‍ സൗത്ത് വില്ലേജിലെ കര്‍ഷകരില്‍ ഏറെയും ഏറ്റവും പാവപ്പെട്ട ജനവിഭാഗത്തില്പ്പെട്ടവരാണെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന് പറഞ്ഞു.
മരം മുറിയില്‍ കര്‍ഷകരെ വഞ്ചിച്ചതിന് കേസ് നിലനില്ക്കുമ്പോള് കര്‍ഷകര്‍ക്ക് നോട്ടീസ് നല്കിയതു മറ്റൊരു വഞ്ചനയാണ്. ഇതിനെതിരേ രംഗത്തുവരാനാണ് സിപിഎം തീരുമാനം. നോട്ടീസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാലിന് മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസ് ഉപരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.