‘കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണും’
1339350
Saturday, September 30, 2023 1:04 AM IST
ഗൂഡല്ലൂർ: ചേരങ്കോട് പഞ്ചായത്തിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ഗൂഡല്ലൂർ ആർഡിഒ ഓഫീസിൽ നടന്ന കൂടിയാലോചനാ യോഗത്തിൽ ജില്ലാ കളക്ടർ എം. അരുണ പറഞ്ഞു.
ഒരാഴ്ചയ്ക്കകം തെരുവ് വിളക്കുകൾ കത്താത്ത ഇടങ്ങളിലെല്ലാം തെരുവ് വിളക്കുകൾ സ്ഥാപിക്കും. പാതയോരങ്ങളിലെ കാടുകൾ വെട്ടിമാറ്റുകയും ചെയ്യും. രണ്ട് താപ്പാനകളെ ഉപയോഗിച്ച് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുമെന്നും അവർ പറഞ്ഞു.
ചേരന്പാടി ചപ്പൻതോട് സ്വദേശി കുമാർ (44) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ചേരന്പാടി ചുങ്കത്ത് നാട്ടുകാർ പന്തല്ലൂർ-വൈത്തിരി അന്തർസംസ്ഥാന പാത ഉപരോധിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ആർഡിഒ ഉൾപ്പെടെയുള്ള അധികാരികൾ സമരക്കാരുമായി ചർച്ച നടത്തി സമരം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.
ജില്ലാ കളക്ടർ എത്തി പ്രശ്നത്തിന് പരിഹാരം കണ്ടാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്ന സമരക്കാരുടെ ആവശ്യം അധികാരികൾ അംഗീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചു ചേർത്തത്.
യോഗത്തിൽ നീലഗിരി എസ്പി ഡോ.കെ. പ്രഭാകരൻ, ആർഡിഒ മുഹമ്മദ് ഖുദ്റത്തുള്ള, ഡിഎഫ്ഒ കൊമ്മു ഓംകാരം, തഹസിൽദാർ കൃഷ്ണമൂർത്തി, ഡിവൈഎസ്പിമാരായ ശെൽവരാജ്, ശെന്തിൽകുമാർ, ജില്ലാ ഗ്രാമ വികസന സമിതി ഡയറക്ടർ ഉമാ മഹേശ്വരി, മുൻ എംഎൽഎ അഡ്വ.എം. ദ്രാവിഡമണി, ചേരങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ഏലിയാസ്, വൈസ് പ്രസിഡന്റ് ചന്ദ്രബോസ് തുടങ്ങിയവർ സംബന്ധിച്ചു.