കോഴ ആരോപണം: എൻ.ഡി. അപ്പച്ചൻ വക്കീൽ നോട്ടീസ് അയച്ചു
1337939
Sunday, September 24, 2023 12:43 AM IST
കൽപ്പറ്റ: തനിക്കേതിരേ കോഴ ആരോപണം ഉന്നയിച്ച കോണ്ഗ്രസ് ബത്തേരി ബ്ലോക്ക് മുൻ പ്രസിഡന്റ് കെ.ആർ. സാജനും ആരോപണം പ്രസിദ്ധീകരിച്ചതിന് ദേശാഭിമാനി പത്രത്തിന്റെ റിപ്പോർട്ടർ, ചീഫ് എഡിറ്റർ, പ്രിൻർ ആൻഡ് പബ്ലിഷർ എന്നിവർക്കും ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ വക്കീൽ നോട്ടീസ് അയച്ചു.
സുൽത്താൻ ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പിൽ കെപിസിസി നിർദേശത്തിനു വിരുദ്ധമായി പ്രവർത്തിച്ചെന്നു കാണിച്ച് കെ.ആർ. സാജനെ കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പദവിയിൽനിന്നു ഡിസിസി പ്രസിഡന്റ് സസ്പെൻഡ് ചെയ്തിരുന്നു.
ഇതേത്തുടർന്നു പുറപ്പെടുവിച്ച പ്രസ്താവനയിലാണ് സാജൻ അപ്പച്ചനെതിരേ കോഴ ആരോപണം ഉന്നയിച്ചത്. അർബൻ ബാങ്കിലെ നാല് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് അപ്പച്ചൻ 80 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.
ഇതു പ്രസിദ്ധീകരിക്കുക വഴി ദേശാഭിമാനി തന്റെ സത്പേരിനു കളങ്കം വരുത്തിയെന്ന് അപ്പച്ചൻ അഡ്വ.ടി.ആർ. ബാലകൃഷ്ണൻ മുഖേന അയച്ച നോട്ടീസിൽ പറയുന്നു. വസ്തുതയ്ക്കു നിരക്കാത്തതും അപകീർത്തികരമായ വാർത്ത പ്രസിദ്ധപ്പെടുത്തിയതിനു ഖേദപ്രകടനം നടത്തണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.