ആദിവാസി യുവാവിന്റെ മരണം: സമഗ്രാന്വേഷണം നടത്തണമെന്ന്
1337643
Saturday, September 23, 2023 12:18 AM IST
മാനന്തവാടി: ബാവലി ഷാണമംഗലം പണിയ കോളനിയിലെ മാധവൻ-സുധ ദന്പതികളുടെ മകൻ ബിനീഷിനെ(33) കുടകിലെ ബിരുണാണിയിൽ തൊഴിലിടത്തിനു സമീപം തോട്ടിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
വയനാട്ടിൽനിന്നു കുടകിൽ കൂലിപ്പണിക്കുപോകുന്ന ആദിവാസികളുടെ അസ്വാഭാവിക മരണം തുടർക്കഥകളാവുന്പോഴും ജില്ലാ അധികാരികൾ നിസംഗതയിലാണ്. 1979ലെ ഇന്റർസ്റ്റേറ്റ് മൈഗ്രന്റ് വർക്ക്മെൻ ആക്ടും ആദിവാസികളെ ഇതര സംസ്ഥാനങ്ങളിൽ ജോലിക്ക് കൊണ്ടുപോകുന്പോൾ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച ജില്ലാ കളക്ടറുടെ 2007ലെ സർക്കുലറും നിലവിലുണ്ട്.
എന്നിരിക്കേയാണ് കുടകിൽ ആദിവാസി തൊഴിലാളികളുടെ അസ്വാഭാവിക മരണം ആവർത്തിക്കുന്നത്. കുടകിൽ മാത്രം ഇതുവരെ 122 ഓളം അസ്വാഭാവിക തൊഴിലാളി മരണങ്ങൾ വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളും യൂണിയനുകളും ഈ വിഷയം അവഗണിക്കുകയാണ്.
തൊഴിൽ നിയമങ്ങൾ ശക്തമായി നടപ്പാക്കാനും തൊഴിൽ സുരക്ഷ ഉറപ്പുവരുത്താനും അധികാരികൾ തയാറാകണം. ബിനീഷിന്റേതടക്കം കുടകിലെ ആദിവാസി മരണങ്ങളിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നിയമ നടപടി സ്വീകരിക്കണം. മരണപ്പെട്ടവരുടെ കുടുംബംങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ.കെ.എ. അയ്യൂബ് അധ്യക്ഷത വഹിച്ചു. എൻ. ഹംസ സ്വാഗതവും മഹറൂഫ് അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.