വൃക്ഷതൈ വിതരണം ചെയ്തു
1300935
Thursday, June 8, 2023 12:14 AM IST
കൽപ്പറ്റ: ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് വൃക്ഷതെെ നട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സാക്ഷരതാ പഠിതാക്കൾക്ക് വൃക്ഷതൈ നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ സിവിൽ സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തെ നട്ടു. സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി വിവിധ പരിപാടികളോടെ പരിസ്ഥിതി വാരാചരണം നടത്തുന്നതിനോടനുബന്ധിച്ച് ജില്ലാ സാക്ഷരതാമിഷൻ പരിസ്ഥിതി സംരക്ഷരണ പ്രതിജ്ഞ, വൃക്ഷത്തൈ നടൽ, തുടർവിദ്യാ കേന്ദ്രം ശുചീകരിക്കൽ, ജില്ലാ ഓഫീസ് ശുചീകരണം, പ്ലാസ്റ്റിക് വിമുക്തമാക്കൽ, ജില്ലയിലെ പത്താം ക്ലാസ് തുല്യതാ പഠിതാക്കൾക്ക് ’പരിസ്ഥിതി സംരക്ഷണം എന്റെയും ഉത്തരവാദിത്വമാണ്’ എന്ന വിഷയത്തിൽ പ്രബന്ധരചന മത്സരം എന്നിവ നടത്തി.
സംസ്ഥാന സർക്കാരിന്റെ സോഷ്യൽ ഫോറസ്ട്രി വകുപ്പിൽ നിന്നാണ് വൃക്ഷതൈകൾ ശേഖരിച്ച് പഠിതാക്കൾക്കും പ്രേരകുമാർക്കും വിതരണം ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപൻ, സാക്ഷരതാ മിഷൻ കോഓർഡിനേറ്റർ സ്വയ നാസർ, ജില്ലാ ശിശുക്ഷേമ വകുപ്പ് ഓഫീസർ വി.സി. സത്യൻ, സി. സിന്ധു, കെ. ഫാത്തിമ, പി.വി. ജാഫർ, കെ. ഗീത, എം.കെ. വസന്ത, സലോമി ജോസ്, കെ. സാജിദ, കെ. ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.
മാനന്തവാടി: പരിസ്ഥിതി ദിനത്തിൽ ഒയിസ്ക നടവയൽ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഹിൽ ബ്ലൂംസ് സ്കൂൾ ഓഡിറോറിയത്തിൽ ക്വിസ് മത്സരം നടത്തി. ഉദ്ഘാടന സമ്മേളനത്തിൽ ഒയിസ്ക നടവയൽ ചാപ്റ്റർ പ്രസിഡന്റ് എം.എം. മേരി അധ്യക്ഷത വഹിച്ചു. സ്കൂൾ മനേജർ ജോർജ് ജോസഫ് സ്വഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ ഇ.കെ. പൗലോസ് നന്ദിയും പറഞ്ഞു. ബാബു ചിറപ്പുറം ക്വിസ് മാസ്റ്ററായിരുന്നു. ജയിംസ് ജോസഫ്, ജിസി ജോർജ്, കെ.ജെ. ഷേർലി , രേണുകാദേവി എന്നിവർ നേതൃത്വം നൽകി.
പള്ളിക്കുന്ന്: ആർസിയുപി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷിനി സന്ദേശം നൽകി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. അധ്യാപിക സെലിൻ മാത്യു ഹെഡ്മിസ്ട്രസിനും സിസ്റ്റർ ഷേർളി ഏബ്രഹാം ലോക്കൽ മാനേജർ സിസ്റ്റർ ഷെറിൻ തെരേസിനും വൃക്ഷത്തൈകൾ കൈമാറി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
സുൽത്താൻ ബത്തേരി: മാർ ബസേലിയോസ് ബിഎഡ് കോളജിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി. ബിനോജ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങൾക്കുള്ള പച്ചക്കറിതൈ വിതരണം ഡിവിഷൻ കൗണ്സിലർ രാധ രവീന്ദ്രൻ നിർവഹിച്ചു. കൗണ്സിലർ അസീസ് മാടാല, കോളജ് ബർസാർ ഫാ.മാത്യു ചൂരക്കുഴി, കെ.കെ. രജീഷ്കുമാർ, അനീസ് എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വേറിട്ട ബോധവത്കരണവുമായി ആരോഗ്യവകുപ്പ്. ബോധവത്കരണ നാടകം, തുണി സഞ്ചി നിർമാണ മത്സരം, ക്വിസ് മത്സരം, ഫ്ളാഷ് മോബ് തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം വയനാട് എന്നിവരുടെ നേതൃത്വത്തിൽ ബത്തേരി നഗരസഭയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
ബത്തേരി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബത്തേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു. എഡിഎം എൻ.ഐ. ഷാജു മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ സേനൻ പരിസ്ഥിതിദിന സന്ദേശം നൽകി.
പരിസ്ഥിതിദിനം പ്രമേയമാക്കി ബത്തേരി ശ്രേയസ് അവതരിപ്പിച്ച ബോധവത്കരണ നാടകവും ഡോണ് ബോസ്കോ കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബും ഏറെ ശ്രദ്ധേയമായി. കുടുംബശ്രീയുടെ ബത്തേരി യൂണിറ്റിലെ അംഗങ്ങളുടെ തത്സമയ തുണിസഞ്ചി തയ്യൽ മത്സരവും നടന്നു. തുണിസഞ്ചി തയ്യൽ മത്സരം വിജയികൾക്ക് കാഷ് പ്രൈസ് വിതരണം എഡിഎം എൻ.ഐ. ഷാജു നിർവഹിച്ചു. ഉപയോഗശൂന്യമായ തുണിത്തരങ്ങൾ വലിച്ചെറിയാതെ തുണിസഞ്ചികളാക്കി പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് എഡിഎം സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി നൂറോളം തുണിസഞ്ചികളാണ് സൗജന്യമായി വിതരണം ചെയ്തത്. നാൽപതോളം തൈകളും വിതരണം ചെയ്തു.
നാടൻ പാട്ട് അവതരണവും നടന്നു. ഡെപ്യൂട്ടി ഡിഎംഒ ഡോ. സാവൻ സാറ മാത്യു, ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി. സിന്ധു, ജില്ലാ അർദ്രം നോഡൽ ഓഫീസർ ഡോ.പി.എസ്. സുഷമ, ജില്ലാ മാസ്മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റന്റ് കെ.എം. ഷാജി, എൻഎച്ച്എം ജെ.സി. ഡോക്യൂമെന്റേഷൻ കെ.സി. നിജിൽ, ബത്തേരി മുൻസിപ്പാലിറ്റി ക്ലീൻ സിറ്റി മാനേജർ കെ.എം. സജി, ആശാ കോർഡിനേറ്റർ സജേഷ് ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.