നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തി തിരികെ ഏൽപ്പിച്ചു; മേപ്പാടി പോലീസിനെ പ്രശംസിച്ച് വിനോദസഞ്ചാരികൾ
1300932
Thursday, June 8, 2023 12:14 AM IST
കൽപ്പറ്റ: നഷ്ടപ്പെട്ട മൊബൈൽ ഫോണുകളും സ്മാർട് വാച്ചുകളും കാമറയും മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി തിരികെ ഏൽപ്പിച്ച മേപ്പാടി പോലീസിനെ അഭിനന്ദിച്ചും നന്ദി അറിയിച്ചും വിനോദസഞ്ചാരികൾ. ജില്ലാ പോലീസിന്റെ മെയിൽ മുഖാന്തിരമാണ് ബംഗളൂരു സ്വദേശികൾ കേരളാ പോലീസിന്റെ ആത്മാർത്ഥതയെയും പരിശ്രമത്തെയും പ്രശംസിച്ചത്.
ഈ മാസം മൂന്നിന് ബംഗളൂരുവിൽ നിന്ന് 11 പേരടങ്ങുന്ന സംഘം മേപ്പാടി സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ സന്ദർശിക്കുന്ന സമയത്താണ് രണ്ട് മൊബൈൽ ഫോണുകളും രണ്ട് സ്മാർട് വാച്ചും ഒരു കാമറയും നഷ്ടമാകുന്നത്. മറ്റൊരു വിനോദ സഞ്ചാരിയുടെ ബാഗിൽ ഇവ മാറി വയ്ക്കുകയായിരുന്നു.
നഷ്ടപ്പെട്ട വിവരം അറിഞ്ഞയുടൻ ഇവർ മേപ്പാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ചയുടൻ പോലീസ് ഉദ്യോഗസ്ഥരായ എസ്ഐ സിറാജ്, സിവിൽ പോലീസ് ഓഫീസർമാരായ കെ.കെ. വിപിൻ, കെ. റഷീദ്, സി.കെ. നൗഫൽ, പോലീസ് ഡ്രൈവർ ഷാജഹാൻ എന്നിവരടങ്ങുന്ന സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ ചുണ്ടേൽ ഓടത്തോടുള്ള സ്വകാര്യ റിസോർട്ടിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു വിനോദസഞ്ചാര സംഘത്തിലൊരാളുടെ ബാഗിൽ നിന്നും ഇവ കണ്ടെത്തുകയായിരുന്നു. കണ്ടെത്തിയ സാധനങ്ങൾ മേപ്പാടി പോലീസ് സ്റ്റേഷനിൽ പരാതിക്കാരന് കൈമാറി.