പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
1300811
Wednesday, June 7, 2023 10:29 PM IST
മാനന്തവാടി: പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പാണ്ടിക്കടവ് മാറത്ത് സിറാജിന്റെ മകന് ആരിഫ് ( 16) ആണ് മരിച്ചത്. സുഹൃത്ത് ചെമ്പ്രക്കണ്ടി ജലീലിന്റെ മകന് റസീന്‍ അമ്മത് (16) ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അഗ്രഹാരം തടയണയ്ക്ക് സമീപം അപകടമുണ്ടായത്.
ഇരുവരുടെയും സുഹൃത്തായ തടിയന് വീട് മുഹമ്മദ് ഡാനിഷ് നീന്തലറിയാത്തതിനാൽ പുഴയിൽ ഇറങ്ങിയില്ല. മറ്റ് രണ്ട് പേരും കുളിക്കാനിറങ്ങിയതിന് പിന്നാലെ കയത്തില്‍ മുങ്ങി താഴുകയായിരുന്നു. ഡാനിഷും അലക്കാന്‍ എത്തിയ സ്ത്രീകളും അലറി വിളിച്ചതോടെ സമീപത്തെ കടയില്‍ ഉണ്ടായിരുന്ന അഞ്ച് ആദിവാസി കുട്ടികള്‍ ഓടിയെത്തി റസീനെ രക്ഷപ്പെടുത്തി.
ആരിഫിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി അഗ്നി രക്ഷയൂണിറ്റ് ജീവനക്കാരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മാനന്തവാടി പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം വയനാട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം നടത്തി. രാത്രിയോടെ പാണ്ടിക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ആരിഫ് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്കി കാത്തിരിക്കുകയായിരുന്നു. ആരിഫിന്റെ ഉമ്മ ആയിഷ. സഹോദരങ്ങൾ: റിസ്വാന, ലിയാന, ലൈഹ.