മാലിന്യ സംസ്കരണം ഉൗർജിതമാക്കണം: ജില്ലാ വികസന സമിതി
1299967
Sunday, June 4, 2023 7:35 AM IST
കൽപ്പറ്റ: മഴക്കാലം ശക്തിപ്രാപിക്കുന്നതിനുമുന്പ് മാലിന്യ സംസ്കരണം ഉൗർജിതമാക്കണമെന്ന് ജില്ലാ വികസന സമിതിയോഗം നിർദേശം നൽകി. വെള്ളം കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യ നിർമാർജനത്തിൽ പ്രത്യേക ശ്രദ്ധ നൽകണം.
മഴക്കാല മുന്നൊരുക്കം യോഗം വിലയിരുത്തി. ദേശീയപാതയിലെ അപകടഭീഷണിയിലുള്ള ഉണക്ക മരങ്ങൾ മുറിച്ചുമാറ്റുക, പട്ടികവർഗ കോളനികളിലെ വീടുകളുടെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കുക, ജില്ലയിൽ ഭക്ഷ്യവിഷബാധ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകളിലും മറ്റും പരിശോധന കർശനമാക്കുക തുടങ്ങിയ നിർദേശങ്ങൾ യോഗം ബന്ധപ്പെട്ട വകുപ്പുകൾക്കു നൽകി.
കരുതലും കൈത്താങ്ങും അദാലത്ത് നല്ലരീതിയിൽ നടത്തിയ വകുപ്പുകളെ അഭിനന്ദിച്ചു. എ ഫോർ ആധാർ എൻറോൾമെന്റ് കാന്പയിൻ വിജയത്തിനു എല്ലാ വകുപ്പുകളുടെയും സഹകരണം തേടി. ടി. സിദ്ദീഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡോ.രേണുരാജ്, എഡിഎം എൻ.ഐ. ഷാജു, ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ തുടങ്ങിയവർ പങ്കെടുത്തു.