വനംവകുപ്പിൽ മതിയായ ജീവനക്കാരെ നിയമിക്കണമെന്ന്
1299594
Saturday, June 3, 2023 12:11 AM IST
ഗൂഡല്ലൂർ: ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകളിൽ ആവശ്യത്തിന് വനംവകുപ്പ് ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായി. ഇരു താലൂക്കുകളിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് വന്യജീവി ശല്യം രൂക്ഷമായിരിക്കുകയാണ്.
ആന, പുലി, കാട്ടുപോത്ത്, കടുവ, കാട്ടുപന്നി എന്നിവയുടെ ആക്രമണം വർധിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ പോലും ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. രാപകൽ വ്യത്യാസമില്ലാതെ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ചുറ്റുകയാണ്.
മനുഷ്യരും വന്യജീവികളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിച്ചിട്ടുണ്ട്. വന്യജീവി ശല്യത്തിന് പരിഹാരം കാണണമെങ്കിൽ ഓരോ റേഞ്ച് പരിധികളിലും മതിയായ വനംവകുപ്പ് ജീവനക്കാർ വേണം.
ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷനിലെ ബിദർക്കാട്, ദേവാല, നാടുകാണി, ചേരന്പാടി, ഓവാലി, ഗൂഡല്ലൂർ തുടങ്ങിയ റേഞ്ചുകളിലും മുതുമല വന്യജീവി സങ്കേതത്തിന്റെ പരിധിയിൽപ്പെടുന്ന മസിനഗുഡി, തൊപ്പക്കാട്, നെല്ലാക്കോട്ട, കാർക്കുടി, ശിങ്കാര, സീഗൂർ തുടങ്ങിയ റേഞ്ചുകളിലും ആവശ്യത്തിന് വനംവകുപ്പ് ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കണം. 24 മണിക്കൂറും വനംവകുപ്പ് ജീവനക്കാർ വനമേഖലകളിൽ റോന്ത് ചുറ്റണം. ജനങ്ങളുടെ സ്വൈര്യ വിഹാരത്തിന് തടസം നിൽക്കുന്ന വന്യജീവികളെ ഉൾവനത്തിലേക്ക് തുരത്തുകയും വേണം.