രാജേന്ദ്രന്റെ മൃതദേഹവുമായി ഇന്ന് കെപിസിസി സെക്രട്ടറിയുടെ വീട്ടിലേക്ക് മാർച്ച്
1298845
Wednesday, May 31, 2023 4:56 AM IST
കൽപ്പറ്റ: പുൽപ്പള്ളി കേളക്കവല ചെന്പകമൂലയിൽ വിഷം അകത്തുചെന്നു മരിച്ച കർഷകൻ രാജേന്ദ്രൻ നായരുടെ മൃതദേഹവുമായി കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാമിന്റെ വീട്ടിലേക്ക് ഇന്ന് ബഹുജന മാർച്ച്. കേളക്കവല, ചെന്പകമൂല നിവാസികളാണ് മാർച്ച് പ്രഖ്യാപിച്ചത്. മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടുകിട്ടുന്ന മൃതദേഹം പുൽപ്പള്ളിയിൽ എത്തിക്കുന്ന മുറയ്ക്കായിരിക്കും മാർച്ചെന്ന് ചെന്പകമൂലക്കാർ പറഞ്ഞു. മാർച്ചിന് സിപിഐ(എംഎൽ)റെഡ് സ്റ്റാർ പിന്തുണ നൽകുമെന്ന് ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് അറിയിച്ചു.
രാജേന്ദ്രൻ നായരുടെ മരണത്തിനു മുഖ്യ ഉത്തരവാദി പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. ഏബ്രഹാമാണെന്നു പ്രകാശ് പറഞ്ഞു. വായ്പാ വിതരണത്തിൽ ബാങ്ക് മുൻ ഭരണസമിതി നടത്തിയ ക്രമക്കേട് രാജേന്ദ്രൻ നായരെ കടക്കെണിയിലാക്കി. 70 സെന്റ് ഭൂമി പണയപ്പെടുത്തി രാജേന്ദ്രൻ നായർ 2017ൽ ബാങ്കിൽനിന്നു 73,000 രൂപ വായ്പയെടുത്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പേരിൽ മുതലും പലിശയും അടക്കം 35 ലക്ഷത്തിലധികം രൂപ കുടിശികയുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.
ഭൂമിയുടെ പ്രമാണം ദുരുപയോഗം ചെയ്ത് രാജേന്ദ്രൻ നായരുടെ പേരിൽ വൻ തുക വായ്പ അനുവദിച്ചതായി രേഖയുണ്ടാക്കുകയും മറ്റാരൊക്കെയോ പണം കൈക്കലാക്കുകയുമായിരുന്നു.
ഇതിന്റെ ഉത്തരവാദിത്തിൽനിന്നു ബാങ്ക് മുൻ ഭരണസമിതിക്ക് ഒഴിയാനാകില്ല. പുൽപ്പള്ളി മേഖലയിൽ രാജേന്ദ്രൻ നായരെ പോലെ അനേകം ആളുകൾ വായ്പ തട്ടിപ്പിനു ഇരകളായിട്ടുണ്ടെന്നും പ്രകാശ് പറഞ്ഞു.
‘കാരണക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ’
പുൽപ്പള്ളി: വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രൻ എന്ന കർഷകൻ വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐ-എംഎൽ റെഡ് സ്റ്റാർ ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാജേന്ദ്രന്റെ മരണം ദുരൂഹമാണെന്നും സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് അറിയിച്ചു.
കൊലക്കുറ്റത്തിന് കേസെടുക്കണം: സിപിഐ പുൽപ്പള്ളി മണ്ഡലം കമ്മിറ്റി
പുൽപ്പള്ളി: സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സിപിഐ പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകനെ കടക്കെണിയിൽപ്പെടുത്തി ആത്മഹത്യയിലേക്ക് നയിച്ചവരേയും കൂട്ട് നിന്ന് ഉദ്യോഗസ്ഥർക്കെതിരേയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ പുൽപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ പ്രകടനം നടത്തി. ടി.സി. ഗോപാലൻ അധ്യക്ഷത വഹിച്ചു. വി.എൻ. ബിജു, ടി.കെ. വിശ്വംഭരൻ, പീറ്റർ പുലിക്കുത്തി, എസ്.ജി. സുകുമാരൻ, സുശീല സുബ്രഹ്മണ്യൻ, ജയ്മോൻ എന്നിവർ നേതൃത്വം നൽകി.
കർഷക സംഘം ബാങ്ക് ഉപരോധിച്ചു
പുൽപ്പള്ളി: കടബാധ്യത മൂലം ആത്മഹത്യ ചെയ്ത രാജേന്ദ്രന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഉപരോധിച്ചു. സിപിഎം ഏരിയാസെക്രട്ടറി എം.എസ്. സുരേഷ് ബാബു, ബിന്ദു പ്രകാശ്, എ.വി. ജയൻ, പി.എ. മുഹമ്മദ്, കെ.ജെ. പോൾ, സി.പി. വിൻസെന്റ്, ചന്ദ്രബാബു, കലേഷ്, സണ്ണി ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
സമഗ്ര അന്വേഷണം നടത്തണം: സിപിഎം
പുൽപ്പള്ളി: കേളക്കവല കിഴക്കേഇടയിലാത്ത് രാജേന്ദ്രന്റ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം പുൽപ്പള്ളി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. മരണത്തിന് ഉത്തരവാദികളായവരുടെ പ്രതികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രാജേന്ദ്രന്റെ കുടുംബത്തിന്റെ ബാധ്യത ബാങ്ക് ഏറ്റടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
കിടപ്പ് രോഗിയായ പിതാവും രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇദ്ദേഹം. ബാങ്ക് പ്രമാണങ്ങൾ തിരികെ നൽകി രാജേന്ദ്രന്റെ കുടുംബത്തോട് നീതി കാണിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. എം.എസ്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
നിയമ നടപടി സ്വീകരിക്കണം
പുൽപ്പള്ളി: രാജേന്ദ്രൻ ആത്മഹത്യ ചെയ്ത സംഭവം കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് കേരള കർഷക യൂണിയൻ-എം ജില്ല പ്രസിഡന്റ് റെജി ഓലിക്കരോട്ട് ആവശ്യപ്പെട്ടു. രാജേന്ദ്രൻ മരിക്കാനിടയായ സംഭവം കടബാധ്യത മുലമാണെന്നും വായ്പ തട്ടിപ്പ് നടത്തിയവർക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും റെജി പറഞ്ഞു.
കൊലക്കുറ്റത്തിനു കേസെടുക്കണം: ബിജെപി
പുൽപ്പള്ളി: കേളക്കവല ചെന്പകമൂലയിലെ കർഷകൻ രാജേന്ദ്രൻ നായരുടെ ആത്മഹത്യക്കു കാരണക്കായവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. രാജൻ പാറക്കൽ അത്യക്ഷത വഹിച്ചു. ആശ ഷാജി, ബിനിൽ ബാബു, ബെന്നി കുളങ്ങര, കുമാരൻ പൊയ്ക്കാട്ടിൽ, സദാശിവൻ കളത്തിൽ, പി.എൻ. സന്തോഷ്, സതീഷ് കുറ്റിക്കാട്ടിൽ, ബിനോയ് മറ്റത്തുമന എന്നിവർ പ്രസംഗിച്ചു.
കോണ്ഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് സിപിഎം
കൽപ്പറ്റ: വായ്പ തട്ടിപ്പിനിരയായി പുൽപ്പള്ളിയിൽ കർഷകൻ രാജേന്ദ്രൻ നായർ ജീവനൊടുക്കിയ സംഭവത്തിൽ ജില്ലയിലെ കോണ്ഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നിലവിലെ കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരിക്കെ നടന്ന വായ്പ തട്ടിപ്പിൽപ്പെട്ട് കടക്കെണിയിലായതാണ് രാജേന്ദ്രൻ നായരുടെ മരണത്തിനു കാരണമായത്. രാജേന്ദ്രൻ നായരുടെ മരണത്തിനു ഉത്തരവാദികളായ കോണ്ഗ്രസ് നേതക്കാൾക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുക്കണം. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ബങ്കിൽ എട്ടര കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഈ തുക തിരിച്ചടക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് ഭരിച്ചവരെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.