വിജിലൻസിനു നൽകിയ പരാതി പിൻവലിക്കാത്തതിനു കള്ളക്കേസിൽ കുടുക്കിയെന്ന്
1298842
Wednesday, May 31, 2023 4:48 AM IST
കൽപ്പറ്റ: കൈവശ ഭൂമി പരിസ്ഥിതി ദുർബല പ്രദേശത്തിൽ(ഇഎഫ്എൽ) ഉൾപ്പെടുത്താതിരിക്കുന്നതിനു കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലൻസിനു നൽകിയ പരാതി പിൻവിക്കാത്തതിനു വനം ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയെന്നു കോഴിക്കോട് ബിലാത്തിക്കുളം കാരാട്ട് കെ. ഷാജിർ അറാഫത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് വനം മന്ത്രിക്കു പരാതി നൽകിയതായി അദ്ദേഹം അറിയിച്ചു.
കുന്നത്തിടവക വില്ലേജിൽ ലക്കിടിക്കു സമീപം ഉടമസ്ഥതയിലുള്ള 1.75 ഏക്കർ പുരയിടം ഇഎഫ്എൽ പരിധിയിൽനിന്നു ഒഴിവാക്കുന്നതിനാണ് തദ്ദേശ ഭരണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ മുഖേന സൗത്ത് വയനാട് വനം ഡിവിഷൻ അധികാരിയായിരുന്നയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. കുന്നത്തിടവക വില്ലേജിൽ തനിക്കുള്ള സ്ഥലത്തിന്റെ അതിരുകളിൽ വനമോ ഇഎഫ്എൽ ഭൂമിയോ ഇല്ല.
പുരയിടത്തിന്റെ സ്കെച്ചും പ്രവൃത്തികൾ നടത്തുന്നതിനുള്ള നിരാക്ഷേപ പത്രവും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ 2014ൽ അന്നത്തെ സൗത്ത് വയനാട് ഡിഎഫ്ഒ അനുവദിച്ചിട്ടുണ്ട്. ഇതേ ഉദ്യോഗസ്ഥൻ സ്ഥലംമാറ്റത്തിനു ഉത്തരവ് ലഭിച്ചിരിക്കെ കള്ളരേഖകളുണ്ടാക്കി അതിരുകൾ തെറ്റായി കാണിച്ച് പുരയിടം ഇഎഫ്എൽ പരിധിയിൽപ്പെടുത്തുന്നതിനു ശിപാർശ ചെയ്തു. നേരത്തേ അനുവദിച്ച എൻഒസി റദ്ദാക്കാതെയുമായിരുന്നു ശിപാർശ. ഡിഎഫ്ഒയുടെ ശിപാർശയ്ക്കെതിരായ ഹരജിയിൽ ഇഎൽഎൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽനിന്നു 2020 ജൂണിൽ തനിക്കു അനുകൂലമായി ഉത്തരവുണ്ടായി. 8,118 രൂപ ചെലവ് സഹിതമാണ് കേസ് വിധിയായത്. ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നടന്ന കേസിലും അനുകൂല വിധിയാണ് ലഭിച്ചത്.
വനം ഉദ്യോഗസ്ഥനെതിരായ പരാതിയിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിനു അനുമതി നൽകിയിട്ടുണ്ട്. വിജിലൻസിനു നൽകിയ പരാതി പിൻവലിക്കുന്നതിനു വനം അധികാരികളിൽനിന്നു വലിയ തോതിലുള്ള സമ്മർദം ഉണ്ടായി. ഇതിനു വഴിപ്പെടാത്ത സാഹചര്യത്തിലാണ് ഏപ്രിൽ 21ന് അടിക്കാട് വെട്ടിയെന്നും മറ്റും പററഞ്ഞ് കേസ് എടുത്തതെന്നും ഷാജിർ അറാഫത്ത് പറഞ്ഞു.