ഹയർ സെക്കൻഡറി: ജില്ലയിൽ 76.9 ശതമാനം വിജയം
1297349
Thursday, May 25, 2023 11:50 PM IST
കൽപ്പറ്റ: പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ 76.9 ശതമാനം വിജയം. ഓപ്പണ്‍ സ്കൂൾ വിഭാഗത്തിൽ ഇത് 51.16 ഉം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 83.63 ഉം ശതമാനമാണ്.
കഴിഞ്ഞവർഷം യഥാക്രമം 75.07, 46.89, 75.81 എന്നിങ്ങനെയായിരുന്നു വിജയ ശതമാനം. ഹയർ സെക്കൻഡറി വിഭാഗത്തിൽ 9,614 പേർ പരീക്ഷ എഴുതിയതിൽ 7,393 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 738 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. ഓപ്പണ്‍ സ്കൂൾ വിഭാഗത്തിൽ 688 പേരാണ് പരീക്ഷയ്ക്കിരുന്നത്. 352 പേർ ലക്ഷ്യം കണ്ടു.
11 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡുണ്ട്.വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ജില്ലയാണ് മുന്നിൽ. ജില്ലയിൽ പരീക്ഷ എഴുതിയ 776 വിദ്യാർഥികളിൽ 649 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 100 ശതമാനമാണ് വിജയം. 60 വിദ്യാർഥികളാണ് ഇവിടെ പരീക്ഷയ്ക്കിരുന്നത്. പുൽപ്പള്ളി വേലിയന്പം ദേവീവിലാസം സ്കൂളിൽ ഒരു വിദ്യാർഥി മാത്രമാണ് ഉപരിപഠനത്തിനു യോഗ്യത നേടാതിരുന്നത്. 52 വിദ്യാർഥികളാണ് പരീക്ഷയ്ക്കിരുന്നത്.
98.09 ആണ് വിജയ ശതമാനം. അന്പലവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 94.96 ശതമാനമാണ് വിജയം. 119 പേർ പരീക്ഷ എഴുതിയതിൽ 113 പേർ ഉപരിപഠനത്തിനു യോഗ്യരായി. വാകേരി ജിവിഎച്ച്എസ്എസിൽ പരീക്ഷ എഴുതിയ 50 വിദ്യാർഥികളിൽ 45 പേർ ലക്ഷ്യത്തിലെത്തി. 90 ആണ് വിജയശതമാനം.
കൽപ്പറ്റ: ഹയർസെക്കൻഡറി പരീക്ഷയിൽ എൻഎസ്എസ് സ്കൂളിനു ഉജ്വല വിജയം. കൊമേഴ്സ് വിഭാഗത്തിൽ 100 ഉം സയൻസ് വിഭാഗത്തിൽ 99 ഉം ശതമാനമാണ് വിദ്യാലയത്തിൽ വിജയം. സയൻസ് വിഭാഗത്തിൽ അനുഷ പരമേശ്വരൻ 1196 മാർക്കോടെ ഒന്നാമതായി. 28 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. 40 വിദ്യാർഥികൾ 90 ശതമാനത്തിലധികം മാർക്ക് നേടി. വിജയികളെ മാനേജുമെന്റും പിടിഎയും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു.
കൽപ്പറ്റ: പിണങ്ങോട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ 36 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി. ജില്ലയിൽ സയൻസ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയ വിദ്യാലയമാണിത്(ബയോളജി, ഗണിതം). സയൻസിൽ ശബാന ആസ്മി 1200ൽ 1190 മാർക്ക് നേടി. കോമേഴ്സിൽ കെ.എ. അനശ്വര 1190 ഉം ഹ്യുമാനിറ്റീസിൽ ജസി ജോർജ് 1172 ഉം മാർക്ക് കരസ്ഥമാക്കി. 73 കുട്ടികൾ 90 ശതമാത്തിന് മുകളിൽ മാർക്ക് നേടി .130 കുട്ടികൾ ആയിരത്തിന് മുകളിൽ മാർക്ക് നേടിയത് വിജയത്തിന്റെ മാറ്റ് കൂട്ടി. വിദ്യാർഥികളെ പിടിഎയും മാനേജ്മെന്റ് പ്രതിനിധികളും അഭിനന്ദിച്ചു.
കൽപ്പറ്റ: ഹയർ സെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി മീനങ്ങാടി ഗവ.സ്കൂൾ. പരീക്ഷയെഴുതിയ 319 വിദ്യാർഥികളിൽ 287 പേർ വിജയിച്ചു. കൊമേഴ്സ് വിഭാഗത്തിൽ 100 ഉം സയൻസിൽ 97 ഉം ഹ്യുമാനിറ്റീസിൽ 80 ഉം ശതമാനമാണ് വിജയം. 34 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡുണ്ട്. സയൻസ് ഗ്രൂപ്പിലെ പവിത്ര സുരേഷും ഹ്യുമാനിറ്റീസിലെ ഫാത്തിമ നഫ്ലയും 1200ൽ 1196 മാർക്ക് നേടി സ്കൂൾ തലത്തിൽ ഒന്നാമതെത്തി. സയൻസ് ഗ്രൂപ്പ് വിദ്യാർഥിനി എം.എസ്. ശ്രീലക്ഷ്മി 1187 മാർക്ക് നേടി പട്ടികവർഗ വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.