പോഷണ് പക്വാഡ കാന്പയിൻ തുടങ്ങി
1280980
Saturday, March 25, 2023 11:22 PM IST
കൽപ്പറ്റ: നാഷണൽ ന്യൂട്രിഷ്യൻ മിഷന്റെ പോഷൻ പക്വാഡ കാന്പയിൻ ജില്ലാ കളക്ടർ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് എപിജെ ഹാളിൽ നടന്ന ചടങ്ങിൽ ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ ടി. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു.
അന്പലവയൽ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.എൻ.ഇ സഫിയ, കൊച്ചി സിഐഎഫ്ടി വേൾഡ് ഫിഷ് പ്രൊജക്റ്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് സുശീല മാത്യു, വനിത-ശിശു വികസന ജില്ലാ ഓഫീസർ വി.സി. സത്യൻ, ശിശു വികസന പദ്ധതി ഓഫീസർ കാർത്തിക അന്ന തോമസ് എന്നിവർ പ്രസംഗിച്ചു.
സംപുഷ്ട കേരളം ജില്ലാ കോ ഓർഡിനേറ്റർ യു. എസ്. നിശാന്ത്, ഐസിഡിഎസ് ബ്ലോക്ക് കോ ഓർഡിനേറ്റർ എ.കെ. ഷഹൻഷാ, ഐസിഡിഎസ് ജീവനക്കാർ തടങ്ങിയവർ പങ്കെടുത്തു. മത്സ്യ ഉത്പന്നങ്ങളിലൂടെയുള്ള പോഷകാഹാര വികസനം എന്ന വിഷയത്തിൽ അങ്കണവാടി ജീവനക്കാർക്കായി ബോധവത്കരണ ക്ലാസ് നടത്തി.
വനിത-ശിശു വികസന ജില്ലാ ഐസിഡിഎസ് സെൽ, കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, അന്പലവയൽ കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കാന്പയിൻ.
ചെറു ധാന്യങ്ങളുടെ പ്രാധാന്യം, വിളർച്ചയിൽനിന്നു വളർച്ചയിലേക്ക് (വിവ) എന്നിവയ്ക്ക് പോഷൻ പക്വാഡ ഉൗന്നൽ നൽകും. തൂക്കകുറവ്, വളർച്ച ശോഷണം, വളർച്ച മുരടിപ്പ് എന്നിവയിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ചെറുധാന്യങ്ങളുടെ പ്രാധാന്യം, പോഷണ നിലവാരമുള്ള ഭക്ഷണശൈലി എന്നിവ ഏപ്രിൽ മൂന്നു വരെ നടത്തുന്ന കാന്പയിനിൽ അവതരിപ്പിക്കും.