തൊഴിലുറപ്പ് പദ്ധതി; വയനാട് സന്പൂർണ സോഷ്യൽ ഓഡിറ്റ് ജില്ല
1280333
Thursday, March 23, 2023 11:37 PM IST
കൽപ്പറ്റ: 2022 ഏപ്രിൽ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നടത്തിയ മുഴുവൻ പ്രവൃത്തികളുടെയും സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്. കളക്ടറേറ്റ് എ.പി.ജെ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് പ്രഖ്യാപനം നടത്തിയത്.
ആറു മാസ കാലയളവിൽ 6,142 പ്രവൃത്തികളാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കിയത്. 70 കോടിയിലധികം തുകയും ചെലവഴിച്ചു. മുഴുവൻ പ്രവൃത്തികളുടെയും ഫീൽഡ്തല പരിശോധനയും തുടർന്ന് ഗ്രാമസഭ ചേർന്ന് പബ്ലിക് ഹിയറിംഗ് നടത്തിയുമാണ് ഓഡിറ്റ് നടപടികൾ പൂർത്തീകരിച്ചത്.
ത്രിതല പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെയും സോഷ്യൽ ഓഡിറ്റ് ഗവേണിംഗ് ബോഡിയുടെയും ഉദ്യോഗസ്ഥരുടെയും തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ സംവിധാനത്തിന്റെയും സഹകരണത്തോടെയുള്ള പ്രവർത്തനങ്ങളാണ് ജില്ലയെ നേട്ടം കൈവരിക്കാൻ സഹായിച്ചത്.
2021-2022 കാലയളവിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുളള ഉപഹാരം ചടങ്ങിൽ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തുകളിൽ മാനന്തവാടി ഒന്നാം സ്ഥാനവും പനമരം രണ്ടാം സ്ഥാനവും നേടിയിരുന്നു. ഗ്രാമപഞ്ചായത്തുകളിൽ എടവക, പൊഴുതന, തൊണ്ടർനാട് എന്നീ പഞ്ചായത്തുകളാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്. മിഷൻ അമൃത് സരോവർ പദ്ധതിയിൽ ജില്ലയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച നൂൽപ്പുഴ പഞ്ചായത്തിനെയും ചടങ്ങിൽ ആദരിച്ചു. സോഷ്യൽ ഓഡിറ്റിംഗിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച ജില്ലയെ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ ഡോ.എൻ. രമാകാന്ത് അനുമോദിച്ചു.
2023-2024 വർഷത്തേക്കുള്ള വാർഷിക പദ്ധതികൾ ആസൂത്രണ സമിതിക്ക് മുന്പാകെ സമർപ്പിക്കാൻ ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങൾ അടിയന്തരമായി സമർപ്പിക്കണമെന്ന് ആസൂത്രണ സമിതി യോഗം ബന്ധപ്പെട്ട തദ്ദേസ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.
2022-2023 വാർഷിക പദ്ധതിയുടെ അവലോകനവും നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ, ആസൂത്രണ സമിതി സർക്കാർ പ്രതിനിധി എ.എൻ. പ്രഭാകരൻ, എൻആർഇജിഎ ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ പ്രീതി മേനോൻ, സോഷ്യൽ ഓഡിറ്റ് ജില്ലാ റിസോഴ്സ് പേഴ്സണ് വി. രജനി തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.