ആദിവാസികൾക്ക് സൗജന്യ നേത്ര ചികിത്സ; പദ്ധതിയുമായി കോംട്രസ്റ്റും സക്ഷമയും
1280039
Thursday, March 23, 2023 12:12 AM IST
കൽപ്പറ്റ: വയനാട്ടിലെ ആദിവാസികൾക്ക് സൗജന്യ നേത്ര ചികിത്സ നൽകുന്നതിന് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സക്ഷമയും സംയുക്തമായി പഴശി വിഷൻ എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നു.
നേത്രരക്ഷകർ എന്നു പേരിട്ട വോളണ്ടിയർ ടീം ആദിവാസി ഊരുകളിൽ സന്ദർശനം നടത്തി നേത്രരോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തി ക്യാന്പുകളിൽ എത്തിച്ച് പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് സക്ഷമ ഭാരവാഹികളായ പി. സുഭാഷ്, ടി.വി. രാഘവൻ, കെ. കൃഷ്ണൻ, അനിൽ കരണി, വി.പി. പ്രദീപ്കുമാർ, കോംട്രസ്റ്റ് ഐ കെയർ സൊസൈറ്റി സെക്രട്ടറി ടി.ഒ. രാമചന്ദ്രൻ, പബ്ലിക് റിലേഷൻസ് മാനേജർ കെ.പി. പ്രവീണ്കുമാർ, ക്യാന്പ് കോഓർഡിനേറ്റർ ടി.പി. സുജീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രഥമഘട്ടത്തിൽ സുൽത്താൻ ബത്തേരി താലൂക്കിലെ പട്ടികവർഗക്കാരെയാണ് നേത്രപരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതിന്റെ ഭാഗമായി ഊരുകളിൽ പത്തംഗ വോളണ്ടിയർ ടീം സർവേ നടത്തിവരികയാണ്. ആദ്യ നേത്ര പരിശോധന ക്യാന്പ് 26ന് നൂൽപ്പുഴ കണ്ണങ്കോട് സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ സബ് സെന്ററിൽ രാവിലെ 11 മുതൽ നടത്തും.
പരിശോധനയിൽ തിമിരം കണ്ടെത്തുന്നവർക്ക് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ ശസ്ത്രക്രിയ സൗജന്യമായി ലഭ്യമാക്കും. ബത്തേരി താലൂക്കിനു പിന്നാലെ വൈത്തിരി, മാനന്തവാടി താലൂക്കുകളിലും പദ്ധതി പ്രാവർത്തികമാക്കും.
ഒരു വർഷം നീളുന്നതാണ് പഴശി വിഷൻ പദ്ധതി. ക്യാന്പുകൾക്ക് കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ ഡോക്ടർമാരും പാരമെഡിക്കൽ ജീവനക്കാരും നേതൃത്വം നൽകും.