പുൽപ്പള്ളി: ചെതലയം റേഞ്ചിലെ പാതിരി വനത്തിലെ ഉദയക്കരയിലെ വനത്തിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി മധ്യവയസ്ക്കൻ കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ വീണു പരിക്കേറ്റു. പുൽപ്പള്ളി ഉദയക്കര കാട്ടുനായ്ക്ക കോളനിയിലെ മാസ്തി (48) ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് സംഭവം. വിറക് ശേഖരിക്കാൻ പോകുന്നതിനിടെ ഉദയക്കര വനത്തിൽ തീ ആളിപടരുന്നത് കണ്ട് കെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽ പെട്ടത്.
കാട്ടാനയെ കണ്ട് ഓടുന്നതിനിടെയാണ് മാസ്തിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റത്. ഭാര്യ കാളിയും കോളനിയിലെ മറ്റ് രണ്ട് സ്ത്രീകളും ഒപ്പം ഉണ്ടായിരുന്നു. പുൽപ്പള്ളി ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ മാസ്തിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴച ഇതേ വനമേഖലയിലെ കട്ടക്കണ്ടിയിലും കാട്ടാനയുടെ ആക്രമണത്തിൽ കാളിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് കോളനിക്കാർ പറഞ്ഞു.