വനംവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്താത്തത് പ്രതിഷേധാർഹം: അഖിലേന്ത്യ കിസാൻ സഭ
1279760
Tuesday, March 21, 2023 11:17 PM IST
കൽപ്പറ്റ: മനുഷ്യരും വന്യ ജീവികളും തമ്മിലുള്ള സംഘർഷം വർധിച്ചു വരുന്ന ഘട്ടത്തിൽ ഗവണ്മെന്റ് നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്താത്തത് പ്രതിഷേധർഹമാണെന്ന് അഖിലേന്ത്യ കിസാൻ സഭ. ജനങ്ങളോ ജനപ്രതിനിധികളോ തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളോ അറിയാതെയാണ് വനം വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്ന് അഖിലേന്ത്യാ കിസാൻസഭ ജില്ലാ പ്രസിഡന്റ് പി.എം. ജോയി അഭിപ്രായപ്പെട്ടു.
ഇത് അഴിമതി നടത്തുന്നതിന് വേണ്ടിയാണ്. 1972ലെ വനം വകുപ്പ് നിയമം ഭേദഗതി ചെയ്യുക മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, വനാതിർത്തികളിൽ സംഘർഷം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഫോറസ്റ്റ്, പോലീസ് സ്റ്റേഷൻ സ്ഥാപിക്കുക, നാട്ടിൽ ഇറങ്ങുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കഴിഞ്ഞ മൂന്ന് ദിവസമായി നടത്തുന്ന പ്രചരണ ജാഥയ്ക്ക് കാവുമന്ദത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചുണ്ടയിൽ നിന്ന് ആരംഭിച്ച ജാഥ മലവയലിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഡോ. അന്പി ചിറയൽ, കെ.എം. ബാബു, സി.എസ്. സ്റ്റാൻലി, ടി. മണി, അഷ്റഫ് തയ്യിൽ, കെ.കെ. തോമസ്, സി.എം. സുധീഷ്, കെ.പി. അസൈനാർ, ലെനിൻ സ്റ്റാൻസ്, വി. യൂസഫ്, ജി. മുരളീധരൻ, എം.എം. ജോർജ്, വി.എൻ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് രാവിലെ മുള്ളൻകൊല്ലിയിൽ നിന്ന് ആരംഭിച്ചു വൈകുന്നേരം ചീരാലിൽ ജാഥ സമാപിക്കും.