പുൽതട വിതരണം ചെയ്യുന്നത് അഴിമതി ലക്ഷ്യമാക്കി: മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ
1262003
Wednesday, January 25, 2023 12:32 AM IST
പുൽപ്പള്ളി: ക്ഷീര വികസന വകുപ്പ് ക്ഷീര സഹകരണ സംഘങ്ങൾ വഴി പുൽകൃഷിക്കായി പുൽതടകൾ വിതരണം നടത്തുന്നത് സാധാരണ ഗതിയിൽ ഒക്ടോബർ, നവംബർ മാസങ്ങളിലാണ്. എന്നാൽ ക്ഷീരവികസന വകുപ്പ് പുൽതടകൾ വിതരണം ചെയ്യുന്നത് കടുത്ത വരൾച്ച നേരിടുന്ന ജനുവരിയിലാണ്. ഈ സമയത്ത് പുൽതട വിതരണം ചെയ്യുന്നതിന്റെ പ്രയോജനം അഴിമതി മാത്രമാണെന്ന് മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
വരൾച്ച കാലമായതിനാൽ സഹകരണ സംഘങ്ങളിൽ എത്തിച്ച പുൽത്തടകൾ കൃഷിക്കാർ വാങ്ങാൻ തയാറായില്ല. അതിന്റെ ഫലമായി പല സൊസെറ്റികൾക്ക് സമീപവും ലോഡ് കണക്കിന് പുൽതടകൾ ഉണങ്ങി നശിച്ചു. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് സർക്കാരിന് നഷ്ടം ഉണ്ടായിരിക്കുന്നത്.
കൃഷിക്കാർ ആവശ്യപ്പെടാതെയും കൃഷി ചെയ്യാൻ പറ്റാത്ത സമയത്തും പുൽത്തടകൾ എത്തിച്ചതിലുടെ സർക്കാരിന് നഷ്ടം ഉണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എം.ആർ. ജനകൻ അധ്യക്ഷത വഹിച്ചു. പി.എസ്. അഭിലാഷ്, ജോർജ്, ബിനു ജോർജ്, കെ.കെ. ഷാജി, ബിജു, വിഷ്ണു എന്നിവർ പ്രസംഗിച്ചു.