ലോക ഭിന്നശേഷി ദിനാചരണം നടത്തി
1245913
Monday, December 5, 2022 12:47 AM IST
പനമരം: സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ജില്ലാതല ആചരണം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി പതാക ഉയർത്തിയതോടെ ആരംഭിച്ചു. കലാകായിക മത്സരങ്ങൾ നടന്നു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ സബ് കളക്ടർ ആർ. ശ്രീലക്ഷ്മി ആദരിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വനിത-ശിശു വികസന വകുപ്പിന്റെ ഉജ്വല ബാല്യം പുരസ്കാരം നേടിയവരെയും എസ്എസ്എൽസി, പ്ലസ് ടു, ബിരുദ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെയും വിവിധ അസോസിയേഷൻ ഭാരവാഹികളെയും ആദരിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസർ കെ. അശോകൻ, ശിശു വികസന പദ്ധതി ഓഫീസർ ടി.എ. ബിനിത, സീനിയർ സൂപ്രണ്ട് കെ.കെ. പ്രജിത്ത് എന്നിവർ പ്രസംഗിച്ചു.