നാട്ടുവാദ്യോപകരണങ്ങളുടെ പ്രദർശനം തുടങ്ങി
1244332
Tuesday, November 29, 2022 11:57 PM IST
മാനന്തവാടി: സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 217 -ാമത് പഴശിദിനാചരണത്തിന്റെ ഭാഗമായി പഴശികുടീരത്തിൽ നാട്ടുവാദ്യോപകരണങ്ങളുടെ പ്രദർശനം തുടങ്ങി.
പഴശ്ശി കുടീരം മ്യൂസിയം ഗാലറിയിൽ ആരംഭിച്ച പ്രദർശനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അപൂർവ ഇനം സംഗീതോപകരണങ്ങളുടെ ശേഖരമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ആഫ്രിക്കൻ ഗോത്ര ജനതയുടെ സുഷിര വാദ്യമായ ഹോണ്‍ പൈപ്പ്, പൊള്ളയായ മരക്കുറ്റിക്ക് മുകളിൽ ആട്ടിൻ തോൽ കെട്ടി നിർമിക്കുന്ന പടിഞ്ഞാറൻ ആഫ്രിക്കയിലെ താളവാദ്യമായ ജാംബെ, ആഫ്രിക്കൻ ഗോത്ര ജനതയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്ന ആഫ്രിക്കൻ ചെണ്ട തുടങ്ങീ വയനാട്ടിലെ അടിയരുടെയും പണിയരുടെയും വാദ്യമായ തുടി, അട്ടപ്പാടിയിലെ ഇരുളർ ഉപയോഗിക്കുന്ന താളവാദ്യമായ പൊറെയ്, ദവിൽ, കേരളത്തിലെ അനുഷ്ഠാന കലയായ പടയണിക്ക് ഉപയോഗിക്കുന്ന താള വാദ്യമായ തപ്പ് എന്നിങ്ങനെ വൈവിധ്യമാർന്ന സംഗീത ഉപകരണങ്ങളുടെ ശേഖരമാണ് പ്രദർശനത്തിലുള്ളത്.
ഡിസംബർ 11 വരെ പഴശികുടീരം മ്യൂസിയത്തിൽ പ്രദർശനം തുടരും. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പ്രവേശനം.