പോക്സോ അതിജീവിതകളെ ഡോക്ടറില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയെന്ന് ആരോപണം
1244141
Tuesday, November 29, 2022 12:11 AM IST
മാനന്തവാടി: വൈദ്യപരിശോധനക്കെത്തിയ പോക്സോ അതിജീവിതകളെ വയനാട് മെഡിക്കൽ കോളജിൽ ഡോക്ടറില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയെന്ന് ആരോപണം. പനമരം പോലീസ് സ്റ്റേഷനിലെ മൂന്ന് പോക്സോ കേസുകളിലെ അതിജീവിതകളായ പത്ത് വയസുള്ള രണ്ട് പെണ്കുട്ടികളേയും ഒന്പത് വയസുള്ള പെണ്കുട്ടിയേയുമാണ് മണിക്കൂറുകൾ കാത്ത് നിർത്തിയ ശേഷം ഡോക്ടറില്ലെന്ന് പറഞ്ഞ് വൈദ്യ പരിശോധന നടത്താതെ ഒഴിവാക്കിയത്. വയനാട് മെഡിക്കൽ കോളജ് അധികൃതർ ഗുരുതര അനാസ്ഥയാണ് കാണിച്ചതെന്ന് വിവിധ സംഘടനകൾ ആരോപിച്ചു. വൈദ്യ പരിശോധനക്കായി കുട്ടികളുമായി വനിതാ പോലീസ് ഉദ്യോഗസ്ഥ ആശുപത്രിയിലെത്തിയെങ്കിലും മൂന്ന് മണിക്കൂറുകളോളം കാത്ത് നിന്നെങ്കിലും ഗൈനക്കോളജിസ്റ്റില്ലെന്ന കാര്യം പറഞ്ഞ് ഒഴിവാക്കിയെന്നാണ് ആരോപണം.
ആദിവാസി വിഭാഗത്തിൽപ്പെടുന്ന അതിജീവിതകളെയുമായി രാവിലെ 11.40 ന് എത്തിയ ഇവരെ ഗൈനക്കോളജിസ്റ്റ് ഉടൻ വരുമെന്ന് പറഞ്ഞ് കാത്ത് നിർത്തിയ ശേഷം 3.10 ന് എത്തിയ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ മോശമായി പെരുമാറുകയും മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതായാണ് പരാതി. രാത്രി വൈകി കുട്ടികളുടെ പരിശോധന ബത്തേരി താലൂക്ക് ആശുപത്രിയിൽ വച്ചാണ് പൂർത്തിയായത്. എന്നാൽ ഗൈനക്കോളജി വിഭാഗത്തിൽ വനിതാ പോലീസും കുട്ടികളുമെത്തിയത് പന്ത്രണ്ടരയോടെയാണെന്നും ആ സമയത്ത് ഡ്യൂട്ടി ഡോക്ടർ പോസ്റ്റുമോർട്ടത്തിലായിരുന്നെന്നും ആശുപത്രി അധികൃതർ പറയുന്നു. ഡ്യൂട്ടിയിലുള്ളത് പുരുഷ ഗൈനക്കോളജിസ്റ്റായതിനാൽ അദ്ദേഹത്തിന് വൈദ്യ പരിശോധന നടത്താൻ കഴിയില്ലെന്നും ഡ്യൂട്ടി ഡോക്ടർ വരുമെന്ന പ്രതീക്ഷയിലാണ് കാത്തിരിക്കാൻ പറഞ്ഞതെന്നും വനിതാ ഗൈനക്കോളജിസ്റ്റുകളായ ആരെയും കിട്ടാത്തതിനാലാണ് ഇവരെ റഫർ ചെയ്തതെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.