ജീവതാളം പദ്ധതിക്ക് കൊടിയത്തൂരിൽ തുടക്കം
1224427
Sunday, September 25, 2022 12:08 AM IST
മുക്കം: ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവിത ശൈലി രോഗനിയന്ത്രണത്തിനായി ആരംഭിച്ച ജീവതാളം പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. കൊടിയത്തൂർ പാലിയേറ്റീവ് ഭവനിൽ നടന്ന ശിൽപശാല പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.
ജീവിത ശൈലി രോഗങ്ങൾ ക്രമാതീതമായി വർധിക്കുകയും രോഗബാധിതരുടെ ജീവിത സാഹചര്യം തന്നെ താളം തെറ്റുകയും ചെയ്ത സാഹചര്യത്തിലാണ് പദ്ധതിക്ക് ജില്ലയിൽ തുടക്കം കുറിച്ചത്. ജീവിത ശൈലി രോഗങ്ങൾക്കെതിരേ ആരോഗ്യ പരമായ ജീവിതത്തിലേക്കുള്ള സാമൂഹ്യ മാറ്റം, രോഗപ്രതിരോധം, നിയന്ത്രണം, നേരത്തെയുള്ള രോഗ നിയന്ത്രണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ജീവതാളം അംഗങ്ങൾക്ക് ശിൽപശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ടി.റിയാസ്, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് അംഗങ്ങളായ ടി.കെ.അബൂബക്കർ, ഫാത്തിമ നാസർ, മെഡിക്കൽ ഓഫീസർമാരായ ഡോ.ബിന്ദു, ഡോ.മനുലാൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയശ്രീ, ഐസിഡിഎസ് സൂപ്പർവൈസർ ലിസ, സിഡിഎസ് ചെയർ പേഴ്സൺ കെ.ആബിദ തുടങ്ങിയവർ സംസാരിച്ചു.