മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പി.പി.എ. കരീം അന്തരിച്ചു
1223887
Friday, September 23, 2022 1:04 AM IST
കൽപ്പറ്റ: മുസ്ലിം വയനാട് ജില്ലാ പ്രസിഡന്റും എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ മേപ്പാടി മുക്കിൽപീടിക പുത്തൻപീടികയ്ക്കൽ കരീം(പി.പി.എ. കരീം-72) അന്തരിച്ചു. സ്വകാര്യ യാത്രയ്ക്കിടെ ഇന്നലെ ഉച്ചകഴിഞ്ഞു മൈസൂരുവിൽ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.
ഇന്നു രാവിലെ 10നു മേപ്പാടി ഡബ്ല്യുഎംഒ സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം 11നു മേപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കും. ഭാര്യ: മറിയം. മക്കൾ: നൗഫൽ, പരേതയായ ഫൗസിയ, സലീന, റഹ്മത്ത്, ഷമീന, ഷംസുദ്ദീൻ. മരുമക്കൾ: അബ്ദുൾ സലാം, ഇസ്ഹാഖ്, കുഞ്ഞമ്മദ്, ഷെഫീഖ്.
ജില്ലയിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് കരീം. അഞ്ചര പതിറ്റാണ്ടായി പൊതുരംഗത്തു സജീവമാണ്. മേപ്പാടി, മൂപ്പൈനാട്, മുണ്ടക്കൈ പ്രദേശങ്ങളിൽ തേയിലത്തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചാണ് രാഷ്ട്രീയത്തിൽ സജീവമായത്. തേയിലത്തോട്ടം മേഖലയിൽ സ്വതന്ത്ര തോട്ടം തൊഴിലാളി യൂണിയനു വേരോട്ടം ഉണ്ടാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നിലവിൽ തോട്ടം തൊഴിലാളി ഫെഡറേഷൻ (എസ്ടിയു) സംസ്ഥാന പ്രസിഡന്റാണ്. ജില്ലയിൽ 13 വർഷമായി മുസ്ലിം ലീഗിനെ നയിക്കുന്ന കരീം പ്ലാന്റേഷൻ ലേബർ കമ്മിറ്റിയംഗം, ‘ചന്ദ്രിക’ ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്.