ക്ഷീര കർഷക ചൂഷണം അവസാനിപ്പിക്കണം: എകെസിസി
1223691
Thursday, September 22, 2022 11:06 PM IST
സുൽത്താൻ ബത്തേരി: പ്രാഥമികി ക്ഷീര സഹകരണ സംഘങ്ങളും മിൽമയും നടത്തുന്ന ക്ഷീര കർഷക ചൂഷണം അവസാനിപ്പിക്കണമെന്ന് എകെസിസി ബത്തേരി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു. പാൽ ഉത്പാദകർക്ക് ന്യായമായ വില ലഭ്യമല്ലാത്തതിനാൽ ക്ഷീര കർഷകർ പ്രതിസന്ധിയിലാണ്. ഫാറ്റിന്റെയും റീഡിംഗിന്േറയും പേരിൽ കർഷകർക്ക് വില കുറച്ച് നൽകുകയും ഈ പാൽ തന്നെ ഉയർന്ന വിലയ്ക്ക് വിൽക്കുകയുമാണ് ചെയ്യുന്നത്. കർഷകർക്ക് പരമാവധി ലിറ്ററിന് 34 മുതൽ 38വരെ നൽകുന്പോൾ 50 രൂപയ്ക്കാണ് ഒരു ലിറ്റർ പാൽ വിൽക്കുന്നത്. ഒരു കഷ്ടപ്പാടും ഇല്ലാതെ ലിറ്ററിന് 12 രൂപ മുതൽ 16 രൂപവരെ ലാഭം എടുക്കുന്ന തീവെട്ടി കൊള്ളയാണ് നടക്കുന്നത്.
കാലിത്തീറ്റ വിലയും ഉത്പാദന ചിലവും കഴിഞ്ഞാൽ നഷ്ടം മാത്രമാണ് കർഷകന് ബാക്കിയാക്കുന്നത്. ക്ഷീര കർഷകർ അസംഘടിതരായതിനാൽ നിസഹായരായി നോൽക്കി നിൽക്കുകയാണ് ചെയ്യുന്നത്. ഭരണ സമിതികളുടെ കാര്യക്ഷമതയില്ലായ്മകൊണ്ട് ഉണ്ടാകുന്ന നഷ്ടവും ക്ഷീര കർഷകർ തന്നെ വഹിക്കേണ്ടി വരുന്നു.
പശുവളർത്തലിൽ നിന്ന് കർഷകർ പിന്മാറുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. കാലിത്തീറ്റയ്ക്ക് കൂടുതൽ സബ്സിഡി നൽകുക, പാൽ ലിറ്ററിന് 50 രൂപ മിനിമം വില നിശ്ചയിക്കുക, ക്ഷീര കർഷകരുടെ വായ്പകൾക്ക് പലിശയിളവ് നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.പ്രതീഷ് കിഴക്കൻപുതുപ്പള്ളി, ചാൾസ് വടാശേരി, ജേക്കബ് ബത്തേരി, മോളി മാമൂട്ടിൽ, ഡേവി മങ്കുഴ, ജോഷി കാരക്കുന്നേൽ, ജോയി പുളിക്കൽ, ചെറിയാൻ ആലുങ്കൽ എന്നിവർ പ്രസംഗിച്ചു.