ക്ഷേത്രകവര്‍ച്ച: പ്രതി അറസ്റ്റില്‍
1600137
Thursday, October 16, 2025 4:59 AM IST
താമരശേരി: കൊടുവള്ളി വാവാട് തെയ്യത്തിന് കാവ് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. വയനാട് പടിഞ്ഞാറത്തറ കുപ്പാടിത്തറ കുന്നത്ത് ഇജ്ലാല്‍ (33) ആണ് പോലീസ് പിടിയിലായത്. പ്രതിയെ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
ഇക്കഴിഞ്ഞ നാലാം തിയതി രാത്രിയാണ് വാവാട് തെയ്യത്തിന്‍കാവ് ഭഗവതി ക്ഷേത്രത്തിലെ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന പ്രതി ക്ഷേത്ര ഓഫീസിലെ ഷെല്‍ഫില്‍ സൂക്ഷിച്ച 20,000 രൂപയും 10 ഗ്രാം സ്വര്‍ണവും കവര്‍ന്നത്. ഓഫീസിനകത്ത് സ്ഥാപിച്ചിരുന്ന സിസി ടിവിയുടെ ഡിവിആര്‍ മോഷ്ടിച്ച് സമീപത്തെ വീട്ടുമുറ്റത്തെ കിണറ്റില്‍ എറിയുകയും ചെയ്തു, തെളിവെടുപ്പില്‍ കിണറ്റില്‍ നിന്നും ഡിവിആര്‍ കണ്ടെത്തി.
വിവിധ ജില്ലകളിലെ നിരവധി കവര്‍ച്ച കേസിലെ പ്രതിയാണ് ഇജ്ലാല്‍. വയനാട്ടില്‍ നടന്ന ഒരു മോഷണക്കേസില്‍ മീനങ്ങാടി പോലീസിന്റെ പിടിയിലായ പ്രതി ചോദ്യം ചെയ്യലിനിടെയാണ് വാവാട് അമ്പലത്തില്‍ മോഷണം നടത്തിയ വിവരം വെളിപ്പെടുത്തിയത്.
2022 ലും പ്രതി ഇതേ അമ്പലത്തില്‍ കവര്‍ച്ച നടത്തിയിരുന്നു. മീനങ്ങാടി പോലീസ് പിടികൂടിയ പ്രതിയെ കൊടുവള്ളി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് തെളിവെടുപ്പിന് എത്തിച്ചത്.